On Kulbhushan Jadhav, India demands Consular access, chargesheet copy, Pakistan army court order

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് കാരണമായ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യ സെക്രട്ടറി ടെഹ്മിനാ ജാന്‍ജുവയുമായി ഇസ്ലാമാബാദില്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.

കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭ്യമാക്കാന്‍, ശിക്ഷയില്‍ ഇളവുതേടി അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതിനായി ജാദവിനെതിരായ കുറ്റപത്രത്തിന്റെ രണ്ടു പകര്‍പ്പുകളും ജാദവിനെതിരായ വിധിയുടെ പകര്‍പ്പും നല്‍കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്ക് അനുമതി നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ ഗൗകം ബംബാവാലെ ആവശ്യപ്പെട്ടു. മുന്‍പ്, 13 തവണ ഇതേ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനെ സമീപിച്ചിരുന്നെങ്കിലും അതെല്ലാം അവര്‍ തള്ളുകയായിരുന്നു. എന്നാല്‍, ഇത്തവണയും ഇന്ത്യയുെട ആവശ്യം പാക്ക് വിദേശകാര്യ സെക്രട്ടറി തള്ളിയതായാണ് സൂചന.

ചാരപ്രവര്‍ത്തിക്ക് പിടിയിലായ ആളെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍, രാജ്യാന്തര നിയമമനുസരിച്ച് ഇതിനുള്ള വകുപ്പുണ്ടെന്നും ജാദവിനെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചേ തീരൂവെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ നിലപാടെടുക്കുകയായിരുന്നു.

ഇതിനിടെ കുല്‍ഭൂഷണ്‍ ജാദവിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നതിനെതിരെ ലഹോര്‍ ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ അഭിഭാഷകര്‍ക്കു മുന്നറിയിപ്പു നല്‍കി. കേസ് ഏറ്റെടുത്താല്‍ ബാര്‍ അസോസിയേഷന്‍ അംഗത്വം റദ്ദാക്കുമെന്നാണ് ഭീഷണി. കുല്‍ഭൂഷണ്‍ ജാദവുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജാദവ് എവിടെയാണെന്ന് ഇതുവരെ പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലെയാണ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനവുമായി ഗൗകം ബംബാവാലെ പാക്ക് വിദേശകാര്യ സെക്രട്ടറിയെ കണ്ടത്.

ജാദവിനു വധശിക്ഷ വിധിച്ച പട്ടാളക്കോടതി നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിതെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍നിന്നാണ് ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്.

Top