വിഷം കുത്തിവെയ്ക്കില്ല ; ഒക്‌ലഹോമയില്‍ ഇനി നൈട്രജന്‍ ശ്വസിപ്പിച്ച് വധശിക്ഷ

nitrogen

ഒക്‌ലഹോമ: മേരിക്കയിലെ ഒക്‌ലഹോമയില്‍ ഇനി മുതല്‍ നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കുമെന്ന് അധികൃതര്‍. ബുധനാഴ്ച്ചയാണ് ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയത്. നടപ്പിലാക്കിയാല്‍ നൈട്രജന്‍ ഗ്യാസ് വധശിക്ഷയ്ക്കായി ഉപയോഗിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാവും ഒക്‌ലഹോമ.

വധശിക്ഷ എങ്ങനെ നടപ്പിലാക്കണമെന്ന തീരുമാനത്തില്‍ വ്യക്തത വരുത്തുന്നതോടെ ഒക്‌ലഹോമയില്‍ ഇനി മുതല്‍ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചായിരിക്കും ശിക്ഷ നടപ്പാക്കുകയെന്ന് അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍ വ്യക്തമാക്കി.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്‌ലഹോമയില്‍ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പരസ്യ പ്രഖ്യാപനമുണ്ടാവുന്നത്. മൂന്ന് വര്‍ഷമായി ഒക്‌ലഹോമയില്‍ വധശിക്ഷ നടപ്പിലാക്കിയിട്ട്. നേരത്തെ, ലീതല്‍ ഇന്‍ജക്ഷനിലൂടെയാണ്(വിഷം കുത്തിവെച്ച്) ഇത്രനാളും ഇവിടെ വധശിക്ഷ നടപ്പിലാക്കിയത്.

എന്നാല്‍ 2015-ല്‍ അവസാനത്തെ വധശിക്ഷ നടപ്പിലാക്കിയത് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷം കുത്തിവെച്ച ശേഷം ജയില്‍പ്പുള്ളിയുടെ അന്ത്യരംഗം അതിദാരുണമായിരുന്നെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് വധശിക്ഷ ഒക്‌ലഹോമയില്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചത്.

അതേസമയം, ചില മരുന്ന് കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നം നല്‍കാന്‍ വിസമ്മതിക്കുന്നതും വിഷം കുത്തിവെച്ചുള്ള മരണത്തിന് വിലങ്ങു തടിയാവുന്നുണ്ട്. വധശിക്ഷയ്ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു എന്ന ചീത്തപേരു വരുമെന്നതാണ് പലരേയും പിന്നോട്ട് വലിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് സംസ്ഥാനത്തെ പ്രേരിപ്പിക്കുന്നത്.

നിറവും മണവുമില്ലാത്ത വാതകമാണ് നൈട്രജന്‍. അന്തരീക്ഷത്തില്‍ 78% നൈട്രജനുണ്ടെങ്കിലും ഓക്‌സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നത് മരണത്തിലേക്ക് നയിക്കും. നിലവില്‍ 16 പേര്‍ ഒക്‌ലഹോമയില്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്.

Top