ഓഖി വന്‍ ദുരന്തത്തിനിടയാക്കിയത് കേന്ദ്രസര്‍ക്കാറിന് പറ്റിയ വീഴ്ചയാണെന്ന് ജി സുധാകരന്‍

g sudhakaran

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ നാശം വിതച്ച ഓഖി വന്‍ ദുരന്തത്തിനിടയാക്കിയത് കേന്ദ്രസര്‍ക്കാറിന് പറ്റിയ വീഴ്ചയാണെന്ന് മന്ത്രി ജി.സുധാകരന്‍.

ദുരന്തം മുന്‍കൂട്ടി അറിയാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാറിനുണ്ടെന്നും, അത് അതാത് സമയത്ത് അറിയിക്കുന്നതില്‍ തെറ്റു പറ്റിയത് കേന്ദ്രത്തിനാണെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയക്കുന്നതിനു പകരം മുഖ്യമന്ത്രിയെ വിളിച്ചു പറയണമായിരുന്നെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കാനാണ് തീരുമാനം.

അതേസമയം ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ കോഴിക്കോട്ടെ തീരപ്രദേശങ്ങളിലും പുറംകടലിലും തുടരുകയാണ്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം തീരസംരക്ഷണ സേനയും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. വ്യാഴാഴ്ച രാവിലെ മത്സ്യത്തൊഴിലാളികള്‍ കണ്ട നാലു മൃതദേഹം ഇനിയും കണ്ടെത്താനായില്ല.

മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന നിര്‍ദേശങ്ങളനുസരിച്ച് തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്മന്റും ഫിഷറീസ് വകുപ്പും കടലില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കാലാവസ്ഥ അനുകൂലമല്ലാത്തത് തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്.

Top