പ്രകൃതിദുരന്തം : സര്‍ക്കാരിനെ വെട്ടിലാക്കിയത് യു.ഡി.എഫ് അനുകൂലിയായ ഉദ്യോഗസ്ഥന്‍ . . !

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കാന്‍ അണിയറയില്‍ നടന്നത് ബോധപൂര്‍വ്വമായ ‘വീഴ്ചയോ’?

കേന്ദ്രത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലഭിച്ച മുന്നറിയിപ്പ് ഗൗരവത്തോടെ സര്‍ക്കാറിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ ദുരന്തനിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിന്റെ നടപടിയാണ് ഇത്തരത്തില്‍ സംശയം ജനിപ്പിക്കുന്നത്.

ഉന്നത യു.ഡി.എഫ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള ഈ ഉദ്യോഗസ്ഥനെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വഴിവിട്ടാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മെമ്പര്‍ സെക്രട്ടറിയാക്കിയത്.

എല്ലാ സംസ്ഥാനങ്ങളിലും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഈ പദവിയിലിരിക്കുന്നത് എന്നിരിക്കെയായിരുന്നു ഈ ‘ആശ്രിത’ നിയമനം.

കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടത് ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിലുള്ള സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ആണ്. ഇതിന്റെ തലവനാകട്ടെ ശേഖര്‍ കുര്യാക്കോസും. വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള വിവരം നല്‍കുന്നതില്‍ ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചത്.

ഐ.എം.ഡിയില്‍ നിന്നും ഇന്‍കോസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തില്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല എന്നത് സംശയകരമാണ്.

തങ്ങളുടെ പരാജയം മറച്ചുവയ്ക്കാന്‍ ഈ വക വിവരങ്ങള്‍ സ്ഥിരം കിട്ടുന്നതാണെന്ന് ഇവര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഇത് വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞതോടെ ജനരോഷം പടരുന്നതിന് അതുംകാരണമായി.

നേരത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മെമ്പര്‍ ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറിയായിരുപ്പോള്‍ വകുപ്പു തലവന്‍ കൂടിയായ കമ്മീഷണറാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ശേഖര്‍ മെമ്പര്‍ സെക്രട്ടറിയായതോടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ വഴിയായിരുന്നു ഓപ്പറേഷന്‍.

സംഭവം നടന്ന ദിവസം കുര്യന്‍ അവധിയിലായിരുന്നു. ദുരന്തനിവാരണ കാര്യത്തിന് അദ്ദേഹം മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നുമില്ല.

സംസ്ഥാന മുഖ്യമന്ത്രി ചെയര്‍മാനും റവന്യൂ മന്ത്രി വൈസ് ചെയര്‍മാനുമായ അതോറിറ്റിയില്‍ ചീഫ് സെക്രട്ടറി, ഹോം, റവന്യൂ സെക്രട്ടറിമാര്‍ മാത്രമാണുള്ളത്. ദുരന്തനിവാരണത്തില്‍ വിദഗ്ദ്ധരായ ഒരൊറ്റ ശാസ്ത്രജ്ഞന്‍ പോലുമില്ല.

ഫലത്തില്‍ ഈ കമ്മിറ്റിയില്‍ വിഷയവുമായി ബന്ധമുള്ള ഒരേയൊരാള്‍ മെമ്പര്‍ സെക്രട്ടറി ശേഖര്‍ മാത്രം.

ശേഖര്‍ ലൂക്കോസ് കുര്യാക്കോസിനെ മെമ്പര്‍ സെക്രട്ടറി പദവിയിലേക്ക് കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചതാകട്ടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ്.

ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെ റവന്യൂ വകുപ്പിന് ഈ അതോറിട്ടിയിലുണ്ടായിരുന്ന നിയന്ത്രണവും ഇല്ലാതായി.

ഇതിനിടെ മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ പ്രതിഷേധത്തിന് പിന്നില്‍ പോലും ചില തല്‍പരകക്ഷികള്‍ ഉണ്ടായെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റ് ദുരന്തം ‘ആയുധ’മാക്കി മന:പൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചതായി രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞവര്‍ക്ക് നേരെ പൊലീസ് നടപടി ഉണ്ടാക്കി പ്രശ്‌നം ആളിക്കത്തിക്കാനായിരുന്നുവത്രേ ശ്രമം.

ഐ.ജി മനോജ് എബ്രഹാമിന്റെയും, സിറ്റി പൊലീസ് കമ്മീഷണര്‍ പ്രകാശിന്റെയും സന്ദര്‍ഭോചിതമായ ഇടപെടലാണ് ഈ നീക്കം തകര്‍ത്തത്.

അതേസമയം മുഖ്യമന്ത്രി അധികാരത്തിലേറിയ ശേഷമുള്ള നടപടികളില്‍ കടുത്ത എതിര്‍പ്പുള്ള വിഭാഗം തീരദേശത്ത് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തെ വ്യാപകമായ പ്രചരണമാക്കി കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി വന്ന വഴിവിട്ട വഴി

1. 2011ല്‍ റവന്യൂ ജീവനക്കാര്‍ക്കുള്ള പഠന സ്ഥാപനമായ യു.എന്‍.ഡി.പി യുടെ പ്രോജക്ടില്‍ ആദ്യ നിയമനം. വിദേശത്തായിരുന്ന മറ്റ് നാലപേക്ഷകര്‍ക്ക് അറിയിപ്പ് കിട്ടിയത് അഭിമുഖത്തിന്റെ തലേദിവസം. ഇതിന്റെ പിറകിലും സ്വജനപക്ഷപാതവും ഗൂഢാലോചനയും. പിന്നീട് അസോസിയേറ്റ് പ്രൊഫസറായി നിയമനം . യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരമുളള യോഗ്യത ഇല്ലാതെ. സെലക്ഷന്‍ കമ്മിറ്റികളൊന്നും കൂടിയില്ല.

2. 2012 ശേഖര്‍ കുര്യാക്കോസിന് വേണ്ടി അദ്ദേഹം തലവനായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ രൂപീകരിക്കുന്നു. ഇത് നിലവിലുള്ള അസോസിയേറ്റ് പ്രൊഫസര്‍ഷിപ്പിന്റെ ബലത്തില്‍.

3. 2013 ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ കാലാവധി നീട്ടി നല്‍കുന്നു.

4. 2014 ഐ.എല്‍.ഡി.എമ്മില്‍ നിയമനം സ്ഥിരമാക്കുന്നു.

5. 2016ല്‍ മറ്റുള്ളവര്‍ക്കു കൂടി മത്സരിക്കാന്‍ അവസരം നല്‍കാതെ ശേഖര്‍ കുര്യാക്കോസിനെ നിയമവിരുദ്ധമായി മെമ്പര്‍ സെക്രട്ടറിയാക്കുന്നു. ആദ്യം ധനവകുപ്പ് എതിര്‍ക്കുന്നു.

Top