ഓഖി കൊണ്ടുപോയത് 360 പേരെയെന്ന് . . തീരദ്ദേശം പ്രക്ഷുബ്ധം,ജാഗ്രതയില്‍ പൊലീസ്

തിരുവനന്തപുരം: തീരദേശത്ത് അശാന്തി പടര്‍ത്തുന്ന ആ കണക്കുകള്‍ പുറത്ത് വിട്ടതോടെ അതീവ ജാഗ്രതയില്‍ പൊലീസ്.

ഓഖിദുരന്തത്തില്‍ 300 പേരെ കാണാതായി എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് കേരള സര്‍ക്കാര്‍ പുറത്ത് വിട്ടത്.

പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളുടെ പുതിയ കണക്ക് പ്രകാരമാണിത്.

പുതിയ കണക്കു പ്രകാരം മരണം അറുപതും തിരിച്ചറിയാനുള്ള മൃതദേഹം 40 ഉം ആണ്.

കാണാതായവരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 172 പേര്‍ തിരുവനന്തപുരത്തുള്ളവരാണ്. കൊച്ചിയില്‍-32, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തവരില്‍ കാണാതായത് കൊല്ലം 13, തിരുവനന്തപുരം – 83 എന്നിങ്ങനെയാണ്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാര 360 പേരാണ് കേരളത്തെ ഇപ്പോള്‍ കണ്ണീരിലാഴ്ത്തുന്നത്.

തീരദേശത്തെ ദുഃഖം പ്രതിഷേധ കടലായി രൂപാന്തരപ്പെടാതിരിക്കാന്‍ പൊലീസിന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സഭാ നേതൃത്വങ്ങളുമായി നിരന്തരം ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ ആശയവിനിമയം നടത്തി വരികയാണ്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ചും തലസ്ഥാനത്ത് വന്‍ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്.

പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഈ കണക്കും ഇനി ഉയരുമോ എന്ന ചോദ്യവും ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.ഇതിന് അധികൃതര്‍ക്ക് പോലും വ്യക്തമായ മറുപടി പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായമാണ് നിലവില്‍ സര്‍ക്കാര്‍ പ്രഖാപിച്ചിരിക്കുന്നത്.

കാണാതായവരുടെ എണ്ണം കൂടി കണക്കാക്കുമ്പോള്‍ ഭീമമായ തുക തന്നെ പുനരധിവാസത്തിനായി മാറ്റി വയ്‌ക്കേണ്ടിവരും.

കേന്ദ്ര സര്‍ക്കാറിന്റെ കാര്യമായ സഹായമില്ലാതെ സംസ്ഥാനത്തിന് ഒറ്റക്ക് ചെയ്യാന്‍ പറ്റുന്ന സഹായമല്ലയിത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ അതു കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറും അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

അതേ സമയം ലത്തീന്‍ അതിരൂപത ശേഖരിച്ച കണക്കനുസരിച്ച് തിരുവനന്തപുരത്ത് നിന്നും മാത്രം 256 മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നതെന്ന പുതിയ വിവരവും പുറത്തു വന്നിട്ടുണ്ട്.

Top