ഓഖി ദുരന്തം ; ‘ജനസേവകരായ’ പ്രമുഖര്‍ എന്ത് നല്‍കുമെന്ന് ഉറ്റു നോക്കി കേരളം

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തബാധിതര്‍ക്ക് സംസ്ഥാനത്തെ വ്യവസായ പ്രമുഖരും, പ്രമുഖ വ്യക്തികളും ട്രസ്റ്റുകളും എന്ത് നല്‍കും ?

ദുരിതാശ്വസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ വ്യവസായികളോടും വ്യാപാരികളോടും സാമ്പത്തികമായി കഴിവുള്ള മറ്റ് എല്ലാവരോടും സഹായം അഭ്യര്‍ത്ഥിച്ച സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സഹായം ആരാണ് നല്‍കുകയെന്നാണ് കേരളം ആകാംക്ഷയോടെ വീക്ഷിക്കുന്നത്.

ഇക്കാര്യത്തില്‍ എല്ലാവരും പ്രധാനമായും ഉറ്റുനോക്കുന്നത് ക്രിസ്ത്യന്‍ സഭകള്‍ നല്‍കുന്ന സഹായത്തെയാണ്.ജീവന്‍ നഷ്ടപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും സഭാ വിശ്വാസികളാണ് എന്നതിനാലാണിത്.

ലാറ്റിന്‍ കത്തോലിക്ക സഭയില്‍പ്പെട്ടവരാണ് അപകടത്തില്‍പെട്ടവരില്‍ ഭൂരിപക്ഷമെങ്കിലും സമുദായത്തെ സേവിക്കാനാണ് എല്ലാ ക്രിസ്ത്യന്‍ സംഘടനകളുമുള്ളത് എന്നതിനാല്‍ സഭകളുടെ ഉത്തരവാദിത്വം വളരെ വലുതാണ്.

അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍ സാമ്പത്തിക അടിത്തറയുമുള്ള ഈ വിഭാഗത്തിന് നിമിഷ നേരം കൊണ്ട് പരിഹരിക്കാന്‍ പറ്റാവുന്ന സാമ്പത്തിക പ്രശ്‌നം മാത്രമാണ് ഓഖിയിലുണ്ടായിട്ടുള്ളതെങ്കിലും അത്തരം സഹായങ്ങള്‍ പ്രത്യേകം തേടാതെ പൊതുസമൂഹത്തിന് മുന്നിലാണ് മുഖ്യമന്ത്രി സഹായാഭ്യര്‍ത്ഥന നടത്തിയത്.

കേന്ദ്രത്തോട് ആവശ്യപ്പെട്ട തുക ലഭിക്കാന്‍ വൈകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ഇടപെടല്‍.

നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സര്‍ക്കാറിനെ സംബന്ധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച 25 ലക്ഷം വീതമുള്ള സഹായവും ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടങ്ങളും കണക്കാക്കുമ്പോള്‍ വലിയ തുകയാണ് ശേഖരിക്കേണ്ടി വരുന്നത്.

ഈ സാഹചര്യത്തിലാണ് പൊതുസമൂഹത്തോട് ഫെയ്‌സ് ബുക്കിലൂടെ മുഖ്യമന്ത്രി സഹായം തേടിയത്.

വ്യവസായികള്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പുറമെ സര്‍വ്വീസ് സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിനിമാ മേഖലയിലുള്ളവര്‍ തുടങ്ങിയവരോടും സാമ്പത്തിക സഹായം തേടിയിട്ടുണ്ട്.

പ്രമുഖരെല്ലാം എത്ര രൂപ വീതം സംഭാവന നല്‍കി എന്നത് പിന്നീട് പ്രത്യേകം പൊതു സമൂഹത്തെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

100 തലമുറക്ക് കഴിയാനുള്ള വക സമ്പാദിച്ചവരും, വലിയ വായയില്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് പ്രസംഗിക്കുന്നവരും, ‘പ്രാഞ്ചിയേട്ടന്‍’മാരുമെല്ലാം എന്താണ് നല്‍കിയതെന്ന് അറിയേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നാണ് ഇവരുടെ പക്ഷം.

അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സംസ്ഥാനത്ത് മരണസംഖ്യ 50 കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Top