സൈനികാവശ്യങ്ങള്‍ക്കായി ഇന്ത്യ വിക്ഷേപിച്ചത്‌13 നിരീക്ഷണ ഉപഗ്രഹങ്ങള്‍

ന്യൂഡല്‍ഹി: സൈനികാവശ്യങ്ങള്‍ക്കായി ഇന്ത്യ വിക്ഷേപിച്ചിട്ടുള്ള നിരീക്ഷണ ഉപഗ്രഹങ്ങളുടെ എണ്ണം കാര്‍ട്ടോസാറ്റ് 2 ഇ യുടെ വിജയകരമായ വിക്ഷേപണത്തോടെ 13 ആയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ നിരീക്ഷിക്കാനും കടല്‍-കര മാര്‍ഗമുള്ള ശത്രുവിന്റെ നീക്കങ്ങള്‍ മനസിലാക്കാനും സാധിക്കുന്ന ഇവയില്‍ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

കൂടാതെ നാവികസേന ജിസാറ്റ് 7 നും സൈനികാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.

കാര്‍ട്ടോ സാറ്റ് 2 പരമ്പരയില്‍ പെട്ട നിരീക്ഷണ ഉപഗ്രഹത്തിന് ഭൂമിയിലെ 0.6 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള വസ്തുക്കളെ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും.

ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഭൂനിരപ്പില്‍ നിന്ന് 200 മുതല്‍ 1200 കിലോമീറ്റര്‍ വരെയുള്ള പോളാര്‍ ഭ്രമണ പഥത്തിലായതിനാല്‍ ഭൂമിയെ കൃത്യമായി നിരീക്ഷിക്കാന്‍ ഇത് സഹായിക്കുന്നതാണ്.

എന്നാല്‍ ബഹിരാകാശത്തെ സൈനികവല്‍ക്കരിക്കുന്നതിനോട് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് ഐഎസ്ആര്‍ഒ.

ഇന്ത്യയുടെ അത്യാധുനിക ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ഉപയോഗിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപഗ്രഹ വിക്ഷേപണം സാധ്യമാകുമെന്നും ഉപഗ്രഹവേധ സംവിധാനം നടപ്പിലാക്കാന്‍ പറ്റുമെന്നും മുന്‍ ഡിആര്‍ഡിഒ ഡയറക്ടര്‍ രവി ഗുപ്ത പറയുകയുണ്ടായി.

Top