നഴ്‌സുമാരുടെ സമരം ; ചര്‍ച്ചക്ക് തയാറെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ്

Pinaray vijayan

കൊച്ചി: വേതന വര്‍ധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു.

അനിശ്ചിതകാല പണിമുടക്ക് നീട്ടിവെച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യമറിയിച്ചത്.

അതേസമയം മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി ഈ മാസം 19ന് യോഗം ചേരും. ഐഎംഎയും മധ്യസ്ഥ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ അസോസിയേഷന്റെ യോഗം ഇന്ന് തൃശൂരില്‍ ചേരും.

നിയമ നടപടിയുണ്ടായാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നും സമര ഭാവി എന്തായിരിക്കണമെന്നതടക്കമുളള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

സമരത്തിനെതിരേ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

Top