ആണവകരാര്‍: ഇളവ് നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍; ഇല്ലെന്ന് അമേരിക്ക

അമേരിക്ക : ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവ് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ ഇറാനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യമെന്നും അതിനാല്‍ ഇളവ് അനുവദിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി.

2015ലാണ് അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയമായ ഇറാന്‍ ആണവകരാര്‍ രൂപം കൊണ്ടത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം കരാറില്‍ നിന്നും പിന്‍മാറി. കരാറുമായി മുന്നോട്ട് പോകുന്ന രാജ്യങ്ങളുടെ വിമര്‍ശനങ്ങളും എതിര്‍പ്പും അവഗണിച്ചാണ് ട്രംപ് അത്തരമൊരു തീരുമാനം കൈകൊണ്ടത്. അതിന് മുമ്പു തന്നെ മെയ് മാസത്തില്‍ ഇറാന്‍ മേല്‍ കടുത്ത സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധത്തില്‍ ഇളവ് ആവശ്യപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന്‍ സമീപിച്ചത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ആവശ്യം അമേരിക്ക തള്ളി.

ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ആഗ്രഹിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. യു എസ് ദേശീയ സുരക്ഷക്ക് പ്രയോജനം ലഭിച്ചാല്‍ മാത്രമേ ഉപരോധത്തില്‍ ഇളവ് വരുത്താന്‍ സാധിക്കുകയുള്ളൂവെന്നും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂച്ചിന്‍ ഒപ്പിട്ട കത്തില്‍ വ്യക്തമാക്കുന്നു.

ഇറാനില്‍ നിരവധി യൂറോപ്യന്‍ കമ്പനികളാണ് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഈ സാമ്പത്തിക ഉപരോധം ശതകോടികണക്കിന് രൂപയുടെ വ്യാപാര നഷ്ടം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് യൂറോപ്യന്‍ യൂണിയന്‍. 2017ല്‍ 12.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും 10.1 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയുമാണ് നടന്നത്. ഇറാനുമായി കരാര്‍ തുടര്‍ന്നാല്‍ അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം തകരുമെന്നും യൂറോപ്യന്‍ കമ്പനികള്‍ ഭയപ്പെടുന്നു.

Top