ആണവ നിരായുധീകരണം; അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരകൊറിയ രംഗത്ത്‌

സീയൂള്‍: ആണവ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ഉത്തരകൊറിയ. ആണവ നിരായുധീകരണം നടത്താനുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടരുമ്പോള്‍ അതിനെ വിമര്‍ശിച്ചു കൊണ്ടുള്ള യുഎസ് നിലപാട് ആത്മവിശ്വാസം കെടുത്തുന്നതാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയയുടെ ആണവനിരായുധീകരണം പൂര്‍ണമായി നടപ്പിലാക്കുന്നത് വൈകുമെന്ന് പറഞ്ഞിരുന്നു. കിം ജോങ് ഉന്‍ ഭരണകൂടത്തിനെതിരെ നയതന്ത്ര തലത്തിലും സാമ്പത്തിക മേഖലയിലുമുള്ള സമ്മര്‍ദം തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം റഷ്യ ഉത്തരകൊറിയക്കാര്‍ക്ക് സ്വന്തം മണ്ണില്‍ കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് യുഎസിന്റെ ഉപരോധത്തെ തള്ളിയിട്ടാണ്.

RI-YOONG-MIKE-POMPEO

ഗൗരവമേറിയ വിഷയത്തെ റഷ്യ അതിന്റെ രീതിയില്‍ സമീപിക്കണമെന്നും, ഇക്കാര്യത്തില്‍ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിക്കാന്‍ കാരണം. സമാധാന ചര്‍ച്ച നടത്തിയ ശേഷം കാര്യങ്ങളെല്ലാം പഴയതിലേക്കു തന്നെ മടങ്ങാനാണോ അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ഉത്തര കൊറിയ വിദേശ കാര്യമന്ത്രി റി യോങ് ചോദിച്ചു. സിംഗപ്പൂരില്‍ നടന്ന ആസിയാന്‍ ഫോറത്തിലായിരുന്നു റി യോങ് പ്രതികരിച്ചത്.

കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് സന്നദ്ധമാണെന്ന് ചര്‍ച്ചക്കു ശേഷം കിം ജോങ് ഉന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെയാണ് ഉത്തര കൊറിയ ഇപ്പോഴും ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതായി യു.എന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നത്.

ഉത്തരകൊറിയ യമനില്‍ ഹൂതി സേനക്ക് ആയുധങ്ങള്‍ നല്‍കുന്നതായും, സിറിയന്‍ സൈന്യവുമായി സഹകരിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അമേരിക്ക ഉത്തര കൊറിയക്കെതിരെ രംഗത്തെത്തിയിരുന്നത്. ഉത്തരകൊറിയക്കെതിരെ യു.എന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാനാണ് വിദഗ്ധ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Top