note ban jk dip in terrorism related violence hawala operations

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതിനു ശേഷം ജമ്മു കശ്മീരില്‍ ഹവാല ഇടപാടുകളും വിഘടനവാദ പ്രവര്‍ത്തനങ്ങളും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ 60 ശതമാനവും ഹവാല ഇടപാടുകള്‍ 50 ശതമാനവും കുറഞ്ഞെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.

ഹവാല ഇടപാടുകള്‍ക്ക് കൂടുതലും ഉപയോഗിച്ചിരുന്നത് 500, 1000 രൂപ നോട്ടുകളാണ്. ഇവ നിരോധിച്ചതോടെ ഹവാല ഇടപാടുകാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന സൂചന.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫണ്ട് വരുന്നത് കള്ളനോട്ടിലാണ്. കറാച്ചിയിലുള്ള പ്രസില്‍ നിന്നാണ് കള്ളനോട്ടുകള്‍ അച്ചടിക്കുന്നത്. നോട്ടുകള്‍ അസാധുവാക്കിയതോടെ ഇതും പാളി.

നോട്ട് അസാധുവാക്കലിന് ശേഷം ജമ്മു കശ്മീരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കശ്മീര്‍ താഴ്‌വരയില്‍ ഡിസംബര്‍ മാസത്തില്‍ ശക്തമായ സ്‌ഫോടനം ഒരെണ്ണം മാത്രമാണ് ഉണ്ടായത്. ഇത് മേഖലയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതിനുള്ള തെളിവാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നു.

കശ്മീരിനെ കൂടാതെ, ജാര്‍ഖണ്ഡിലും ഛത്തീസ്ഗട്ടിലുമുള്ള മാവോയിസ്റ്റുകളും പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റ് നേതാക്കള്‍ക്കായി അസാധുവാക്കിയ പണം മാറ്റാനെത്തിയവരെ പിടികൂടിയിരുന്നു. ഏതാണ്ട് 90 ലക്ഷത്തോളം രൂപ മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ നിന്നു പിടികൂടിയെന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്.

വടക്കുകിഴക്കന്‍ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നോട്ട് അസാധുവാക്കല്‍ കാര്യമായി ബാധിച്ചുവെന്നാണ് നിരീക്ഷണം.

Top