ഭാര്യക്കും മരുമകള്‍ക്കും നല്‍കുന്ന ഇഷ്ടദാനങ്ങള്‍ക്ക് വരുമാന നികുതി വാങ്ങരുത് അഭ്യര്‍ത്ഥനയുമായി മനേക ഗാന്ധി

maneka ghandi

ന്യൂഡല്‍ഹി: ഭാര്യക്കും മരുമകള്‍ക്കും നല്‍കുന്ന ഇഷ്ടദാനങ്ങള്‍ക്ക് വരുമാന നികുതി വാങ്ങരുതെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി മനേക ഗാന്ധി. വരുമാന നികുതിക്ക് പകരമായി നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും മനേക ഗാന്ധി ധനകാര്യമന്ത്രി പീയുഷ് ഗോയലിനോട് അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വത്തില്‍ നിന്നുള്ള വരുമാനം ആത്യന്തികമായി തങ്ങള്‍ക്ക് ബാധ്യതയാകുമെന്ന ഭയത്താല്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവും കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വത്ത് നല്‍കുന്നതില്‍ ആശങ്കപ്പെടുകയാണെന്നു കാണിച്ചാണ് മന്ത്രിയുടെ അഭ്യര്‍ത്ഥന.

ഭര്‍ത്താവ് ഏതെങ്കിലും സ്വത്ത് ഭാര്യക്ക് നല്‍കുകയാണെങ്കിലോ, ആ സ്വത്തില്‍ നിന്ന് ഭാര്യക്ക് വരുമാനം ലഭിക്കുകയോ ചെയ്യുകയാണെങ്കില്‍ ആ വരുമാനം ഭര്‍ത്താവിന്റെ നികുതി നല്‍കേണ്ടുന്ന വരുമാനത്തിലേക്കാണ് കൂട്ടിച്ചേര്‍ക്കപ്പെടുക. ഭാര്യക്കും മരുമകള്‍ക്കും നികുതി നല്‍കുന്ന തരത്തില്‍ സ്വതന്ത്ര വരുമാനം ഉണ്ടാവില്ലെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ 1960കളിലാണ് ഈ നിയമം വന്നത്. എന്നാല്‍ പില്‍ക്കാലത്ത് സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരായതോടെ ഈ നിയമം ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും മനേക അഭിപ്രായപ്പെട്ടു.

നിരവധി സ്ത്രീകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇങ്ങനൊരു അഭിപ്രായം മുന്നോട്ട് വയ്ക്കാന്‍ തീരുമാനിച്ചതെന്നും മനേക ഗാന്ധി ട്വീറ്റ് ചെയ്തു.

Top