ഉപരോധം ശക്തമാക്കി അമേരിക്കൻ ഭരണകൂടം ; യുദ്ധത്തിന്റെ സൂചനകളെന്ന് ഉത്തരകൊറിയ

Pentagon

പ്യോങ്യാംഗ് : അന്താരാഷ്ട്ര തലത്തിൽ തുടർച്ചയായ ആണവപരീക്ഷണങ്ങൾ കാരണം ഉത്തരകൊറിയക്ക് മേൽ ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പുറമെ അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും നടപടി യുദ്ധത്തിന് തുല്യമെന്നും ഉത്തരകൊറിയ.

ഇരു കൊറിയൻ രാജ്യങ്ങളും തമ്മിൽ വീണ്ടും ചർച്ചകൾ നടത്തുകയും, ബന്ധം കൂടുതൽ ശക്തമാകുമെന്ന സാഹചര്യമുണ്ടാകുകയും ചെയ്തതിനാൽ ആ ബന്ധത്തെ ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിന്റെ സമാപന ചടങ്ങിൽ കിം ജോങ് ഉന്നിന്റെ ഉദ്യോഗസ്ഥർ എത്തുന്നത് തടയാൻ ശ്രമിച്ചെന്നും ഉത്തരകൊറിയ ആരോപിക്കുന്നു.

ശൈത്യകാല ഒളിംപിക്‌സ് ഇരു കൊറിയൻ രാജ്യങ്ങളും സംയുക്തമായി ചേർന്ന് സംഘടിപ്പിച്ചെന്നും അത് അമേരിക്കയ്ക്ക് താങ്ങാൻ കഴിയുന്നതിലുമപ്പുറമാണെന്നും ഉത്തരകൊറിയൻ വിദേശ മന്ത്രാലയത്തെ ഉദ്ധരിച്ച് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു യുദ്ധത്തിന്റെ ലക്ഷണങ്ങളാണ് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്നും ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

16nkorea-3-master768

ഉത്തര കൊറിയ നടത്തിയിരുന്ന ആണവപരീക്ഷണങ്ങളുടെ പേരിൽ തർക്കങ്ങൾ നിലനിന്നിരുന്ന ഇരു കൊറിയൻ രാജ്യങ്ങളും ശൈത്യകാല ഒളിംപിക്‌സിന്റെ ഭാഗമായി ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകൾ അവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് ആഗോളതലത്തിൽ ഉയരുന്ന വാദം.

കൊറിയൻ രാജ്യങ്ങൾ തമ്മിൽ ചർച്ചകൾക്ക് ശേഷം ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന്റെ ഉദ്‌ഘാടന ചടങ്ങിൽ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പങ്കെടുത്തിരുന്നു.1950-53 കാലഘട്ടത്തിലെ കൊറിയ യുദ്ധത്തിനു ശേഷം ഉത്തരകൊറിയയിൽ നിന്ന് ദക്ഷിണ കൊറിയ സന്ദർശിക്കുന്ന ആദ്യത്തെ ഭരണ കുടുംബത്തിലെ അംഗമാണ് കിം യോ ജോങ്.

സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ തലവനായ കിം യോങ് നാം നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു കിം യോ ജോങ് ദക്ഷിണകൊറിയയിൽ എത്തിയത്. സഹോദരിയുടെ സന്ദർശനത്തിന് ശേഷം ദക്ഷിണ കൊറിയയുമായി അനുരഞ്ജന ചർച്ചയക്ക് തയ്യാറെന്ന് ഏകാധിപതി കിം ജോങ് ഉൻ അറിയിച്ചിരുന്നു.

അതേസമയം ശൈത്യകാല ഒളിംപിക്‌സിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ജനറല്‍ കിങ് യോങ് കോളിനെയാണ് ഉത്തകൊറിയ അയച്ചിരിക്കുന്നത്. ഉത്തര കൊറിയയുടെ ഇന്റലിജന്‍സ് മേധാവിയായിരുന്ന കിങ് യോങ് കോള്‍ ദക്ഷിണ കൊറിയക്ക് നേരെയുണ്ടായ പല ആക്രമണങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശൈത്യകാല ഒളിംപിക്‌സിന്റെ സമാപന ചടങ്ങിൽ അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻകയും ദക്ഷിണകൊറിയയിൽ എത്തിയിട്ടുണ്ട്. ഇവാൻക ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഉത്തരകൊറിയൻ പ്രതിനിധികളുമായി ഔദ്യോഗിക കൂടിക്കാഴ്ച അമേരിക്ക ആസൂത്രണം ചെയ്തിരുന്നില്ല.

iwzier2a7miepnpoqyln

ഒളിംപിക്‌സിന്റെ സമാപനത്തോട് അടുത്ത ദിവസം തന്നെ അമേരിക്ക ഏകപക്ഷീയമായി ഉപരോധം ശക്തമാക്കിയ പ്രഖ്യാപനം നടത്തിയത് ബുദ്ധിപൂർവ്വമായ നീക്കമാണെന്നും ആണവ പരീക്ഷണങ്ങൾ ഇല്ലാതാക്കി ഉത്തരകൊറിയയെ വെല്ലുവിളിക്കാനാണ് അമേരിക്കൻ ഭരണകൂടം ശ്രമിക്കുന്നതെന്നും ഉത്തരകൊറിയൻ നിരീക്ഷകർ സൂചിപ്പിക്കുന്നു.

ചൈനയിലേതടക്കമുള്ള 50 ഷിപ്പിംഗ് കമ്പനികള്‍ക്കും കപ്പലുകള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ
ശക്തമായ വിയോജിപ്പാണ് ചൈന രേഖപ്പെടുത്തിയിരിക്കുന്നത്. ഏകപക്ഷീയമായി ഇത്തരം നടപടികള്‍ സ്വീകരിക്കുകയും ആഭ്യന്തര നിയമങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അമേരിക്കന്‍ നയത്തെ ശക്തമായി ചൈന എതിർക്കുകയാണ്.

കടല്‍മാര്‍ഗം കല്‍ക്കരിയും ഇന്ധനവും അനധികൃതമായി ഇറക്കുമതി ചെയ്യുന്ന കൊറിയയ്ക്ക് പുതിയ ഉപരോധം വലിയ തിരിച്ചടിയാകുകയും അന്താരാഷ്ട്ര സമുദ്രപാതകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുകയും ചെയ്യും. ഐക്യരാഷ്ട്രസഭ ഉത്തരകൊറിയക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം വെല്ലുവിളിയായത് ചൈന-ഉത്തര കൊറിയ ബന്ധത്തിനാണ് . ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഉപരോധത്തെ തുടർന്ന് വൻ തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നുമായി ഉത്തരകൊറിയൻ ജനറല്‍ കിങ് യോങ് കോൾ സമാപന ചടങ്ങിന്റെ ഭാഗമായി ചർച്ച നടത്തിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയിൽ അമേരിക്കയുമായി ചർച്ച നടത്താൻ ഉത്തരകൊറിയ തയാറാണെന്ന് പറഞ്ഞതായി സിയോൾ പ്രസിഡന്റ് ഓഫീസ് അറിയിച്ചു.

ഉത്തരകൊറിയ അമേരിക്കൻ ഭരണകൂടവുമായി ചർച്ചയ്ക്ക് തയാറാണെന്നും ഇരു കൊറിയൻ രാജ്യങ്ങളുടെയും ബന്ധം ശക്തമാകുന്നതിനൊപ്പം ഉത്തരകൊറിയ -അമേരിക്ക ബന്ധവും വളരേണ്ടതുണ്ടെന്നും ദക്ഷിണ കൊറിയൻ നേതാവ് വ്യക്തമാക്കി.

റിപ്പോർട്ട് : രേഷ്മ പി.എം

Top