ലോകത്തിനു ഭീഷണിയായ ഉത്തര കൊറിയൻ ഏകാധിപതിയെ തകർക്കാൻ ഐഫോൺ !

വാഷിംഗ്ടണ്‍: ലോകത്തിന് തന്നെ ഭീഷണി ഉയര്‍ത്തി വന്‍ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ തകര്‍ക്കാന്‍ പുതിയ ‘കര്‍മ്മ പദ്ധതി’

മുന്‍ അമേരിക്കന്‍ നാവിക സൈനികനായ ജോക്കോ വില്ലിങ്ക് മുന്നോട്ട് വച്ച തമാശയെന്ന് തോന്നിക്കുന്ന നിര്‍ദേശം ഇപ്പോള്‍ അമേരിക്ക ഗൗരവമായി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2.5 കോടി ജനങ്ങള്‍ മാത്രമുള്ള ഉത്തര കൊറിയയിലേക്ക് അത്ര തന്നെ സ്മാര്‍ട്ട് ഫോണുകള്‍ റഡാറുകളുടെ കണ്ണുവെട്ടിച്ച് പോകുന്ന ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് താഴേക്ക് ഇട്ടുനല്‍കണമെന്നും സൗജന്യ വൈഫൈ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വഴി ഉറപ്പാക്കണമെന്നുമാണ് നിര്‍ദ്ദേശം.

ഈ പോക്ക് പോയാല്‍ തങ്ങളുടെ ജീവിതം നാമാവിശേഷമാകുമെന്ന തിരിച്ചറിവ് പുറം ലോകവുമായി ബന്ധപ്പെടുന്നതോടെ ലഭിച്ചാല്‍ അതോടെ ഉത്തര കൊറിയന്‍ ജനങ്ങള്‍ കലാപകാരികളായി മാറി കിം ജോങ് ഉന്നിനെ വകവരുത്തുമെന്നാണ് ഈ സൈനിക ബുദ്ധിയുടെ നിര്‍ദ്ദേശം.

ഉത്തര കൊറിയയുമായി നേരിട്ട് ഒരു യുദ്ധത്തിലേക്ക് അമേരിക്കയും സഖ്യകക്ഷികളും പോയാല്‍ ആ രാജ്യത്തിന് ശവ പറമ്പാകേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം ഉത്തര കൊറിയക്കാര്‍ തിരിച്ചറിയാത്തത് ഇപ്പോള്‍ പുറം ലോകവുമായി അവര്‍ക്ക് ബന്ധമില്ലാത്തത് കൊണ്ടാണ്.

ഉത്തര കൊറിയയിലെ സൈനികര്‍ക്ക് പോലും യഥാര്‍ത്ഥത്തില്‍ ഇതേ കുറിച്ച് ഒരു ധാരണയും ഇല്ലന്നും എല്ലാവരെയും ഒരു ‘മാസ്മരിക വലയ’ ത്തില്‍ കിം ജോങ് ഉന്‍ നിര്‍ത്തിയിരിക്കുകയാണെന്നും വില്ലിങ്കിന്‍ ചൂണ്ടിക്കാട്ടി.

തലക്ക് വെളിവില്ലാത്ത കിം ജോങ് ഉന്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചാല്‍ തുടക്കത്തില്‍ തന്നെ അണുവായുധം പ്രയോഗിക്കാനാണ് സാധ്യത. ഇത് ദക്ഷിണ കൊറിയക്കും ജപ്പാനുമാണ് ഏറെ ഭീഷണി ഉയര്‍ത്തുക.

അതിനാല്‍ ബുദ്ധിപരമായ നീക്കമാണ് തുടക്കത്തില്‍ അനിവാര്യമെന്നാണ് ജോക്കോ വില്ലിങ്കിന്റെ അഭിപ്രായം. ഉത്തര കൊറിയയെ ആക്രമിക്കാന്‍ തന്ത്രം മെനയുന്ന അമേരിക്ക മുന്‍ സൈനികന്റെ നിര്‍ദ്ദേശം പരിഗണിക്കുന്നുണ്ട്.

ആക്രമണത്തിനു മുന്‍പ് ഇത്തരമൊരു സന്ദേശം ഉത്തര കൊറിയന്‍ ജനതക്ക് നല്‍കാനായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും ഒരേ സമയം രണ്ടു മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചാല്‍ കിം ജോങ് ഉന്‍ സമ്മര്‍ദ്ദത്തിലാകുമെന്നുമാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

അതേസമയം പുറം ലോകവുമായുള്ള എല്ലാത്തരം ബന്ധങ്ങളേയും കര്‍ശനമായി വിലക്കിയിട്ടുള്ള രാജ്യമായ ഉത്തരകൊറിയ ഇത്തരം നീക്കങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുകയെന്ന കാര്യത്തിലും അമേരിക്കയ്ക്ക് ആശങ്കയുണ്ട്.

ഇരുമ്പുമറക്കുള്ളില്‍ കൃത്രിമമായി സൃഷ്ടിച്ച സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഈ മറ ഇല്ലാതായാല്‍ ഉത്തരകൊറിയയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് കിം ജോങ് ഉന്നിന് തന്നെയാകും ഏറ്റവും കൂടുതല്‍ അറിയുക. അതുകൊണ്ടുതന്നെ വില്ലിങ്കിന്റേതു പോലുള്ള പുറംലോകത്തെക്കുറിച്ച് അറിയാനുള്ള ഏത് സാഹചര്യത്തേയും സൈനികമായി നേരിടാനാവും ഉത്തരകൊറിയന്‍ ഭരണകൂടം തയ്യാറാവുക.

മുന്‍പ് സമാനമായ നീക്കം ദക്ഷിണ കൊറിയ നടത്തിയിരുന്നു. ബലൂണുകള്‍ വഴി ഡിവിഡികളും ലഘുലേഖകളും വിതരണം ചെയ്യാനാണ് ദക്ഷിണ കൊറിയ ശ്രമിച്ചത്. ഇതിനോട് രൂക്ഷമായാണ് ഉത്തരകൊറിയ പ്രതികരിച്ചത്.

ദക്ഷിണകൊറിയയുടെ ബലൂണ്‍ നീക്കത്തെ സൈനിക നീക്കം കൊണ്ടായിരുന്നു അന്ന് ഉത്തരകൊറിയ നേരിട്ടത്.

Top