യുകെക്ക്‌ ഉത്തരകൊറിയയുടെ മിസൈല്‍ ഭീഷണി; സൈബര്‍ ആക്രമണത്തിനും സാധ്യത

യുകെയെ ലക്ഷ്യം വെച്ച് മിസൈല്‍ പരീക്ഷണം നടത്തുമെന്ന ഭീഷണിയുമായി ഉത്തരകൊറിയ. യുകെയിലെ എംപിമാര്‍ ഉള്‍പ്പെട്ട ദ കോമണ്‍സ് ഡിഫന്‍സ് സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ആശങ്ക പങ്കുവെക്കുന്നത്. 18 മാസത്തിനുള്ളില്‍ ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചേക്കാമെന്ന ആശങ്കയാണ് റിപ്പോര്‍ട്ടിലുള്ളത്. മിസൈല്‍ ഭീഷണിക്കൊപ്പം സൈബര്‍ ആക്രമണവും ഉണ്ടായേക്കാമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു.

സമാധാനത്തിന്റെ പാതയിലേക്ക് ഉത്തരകൊറിയ നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് യുകെ ഇത്തരത്തിലൊരു ആശങ്ക പങ്കുവെക്കുന്നത്. ‘യുഎസും ദക്ഷിണകൊറിയയുമാണ് ഉത്തരകൊറിയയുടെ പ്രധാന ശത്രുക്കള്‍. അവരുടെ ശത്രുപ്പട്ടികയില്‍ യുകെയില്ല. പക്ഷേ വിവേകമല്ല, അലിവില്ലായ്മയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റേത്’-റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസിന്റെ ഏതുഭാഗത്തെയും ആക്രമിക്കാവുന്ന തരത്തിലുള്ള ആറ് ആണവ മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ ഇതുവരെ നടത്തിയിട്ടുള്ളത്. അതിനാല്‍ യുകെയെ ലക്ഷ്യം വക്കുന്നതിന് കിമ്മിന് ദൂരം ഒരു തടസ്സമാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം ലോകത്തെ ഞെട്ടിച്ച വാനാക്രൈ സൈബര്‍ ആക്രമണം ഉത്തരകൊറിയ ആവര്‍ത്തിച്ചേക്കാമെന്നും യുകെ ഭയപ്പെടുന്നു.
ഇന്ത്യയുള്‍പ്പെടെ, നൂറ്റന്‍പതിലേറെ രാജ്യങ്ങളിലെ മൂന്നു ലക്ഷത്തിലേറെ കംപ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. ആശുപത്രികള്‍, ബാങ്കുകള്‍, ഓഫിസുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം താറുമാറായി.

Top