nokia android phone launched

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറക്കി. ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബല്‍ ചൈനയിലാണ് ആദ്യ നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ അവതരിപ്പിച്ചത്. ചൈനീസ് വില 1699 യുവാനാണ്, (246 ഡോളര്‍, ഏകദേശം 16760 രൂപ). ഇന്ത്യ ഉള്‍പ്പെടുന്ന വിപണികളില്‍ പൂതിയ ഫോണ്‍ എന്നെത്തുമെന്നത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അലുമിനിയം മെറ്റല്‍ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഹോം ബട്ടണ്‍, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവര്‍ ബട്ടണ്‍, ശബ്ദ നിയന്ത്രണ ബട്ടണ്‍, സിം കാര്‍ഡ് സ്ലോട്ട് ഇടതു ഭാഗത്താണ്. മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, യുഎസ്ബി ഒടിജി എന്നിവ പ്രധാന ഫീച്ചറുകളാണ്.

5.5 ഇഞ്ച് ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 430 പ്രോസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജിയുമുണ്ട്.

പ്രധാന ക്യാമറ 16 മെഗാപിക്‌സലാണ് ( f/2.0 അപേച്ചര്‍, ഇരട്ട എല്‍ഇഡി ഫ്‌ലാഷ്), എട്ടു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയ 6ല്‍ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.

നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലുള്ള ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് ഫോക്‌സ്‌കോണ്‍ ആണ്. ഇപ്പോള്‍ പുറത്തിറങ്ങിയ ഹാന്‍ഡ്‌സെറ്റ് ചൈനീസ് വിപണിയെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളുള്ള ചൈനയില്‍ തന്നെ ആദ്യ പരീക്ഷണം നടത്താനാണ് എച്ച്എംഡി തീരുമാനിച്ചത്. ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും നോക്കിയയുടെ അടുത്ത നീക്കങ്ങളെന്നും സൂചനയുണ്ട്. ലോകത്തിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായിരുന്ന നോക്കിയ ആന്‍ഡ്രോയ്ഡ് ഒഎസ് ഹാന്‍ഡ്‌സെറ്റുകള്‍ വ്യാപകമായതോടെയാണ് താഴോട്ടുപോയത്.

Top