പ്രധാനമന്ത്രിക്ക് താമസിക്കാന്‍ മൈസൂരിലെ ലളിത് മഹല്‍ പാലസില്‍ മുറി കിട്ടിയില്ല

modi

മൈസൂരു: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താമസിക്കാന്‍ പ്രശസ്തമായ ലളിത് മഹല്‍ പാലസില്‍ മുറി കിട്ടിയില്ല. ഹോട്ടലിലെ എല്ലാ മുറികളും ഒരു വിവാഹ സത്കാര ചടങ്ങിന്റെ ഭാഗമായി മുന്‍കൂട്ടി ബുക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഇത്.

തുടര്‍ന്ന് ജില്ലാ ഭരണകൂടം നഗരത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഹോട്ടലായ റാഡിസണ്‍ ബ്ലൂവിലേക്ക് താമസ സൗകര്യം ഒരുക്കി.

ലളിത് മഹല്‍ പാലസില്‍ താമസിക്കാന്‍ വളരെക്കുറച്ച് മുറികള്‍ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. സുരക്ഷ പരിഗണിച്ചാണ് പ്രധാനമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി പരിമിതമായ മുറികള്‍ തയ്യാറാക്കാതിരുന്നത്.

എന്നാല്‍ പകരം താമസം ഒരുക്കിയ റാഡിസണ്‍ ബ്ലൂ ഹോട്ടലിലും മുറികളും കുറവായിരുന്നു. റാഡിസണില്‍ നടക്കാനിരുന്ന ഒരു കുടുംബത്തിന്റെ വിവാഹ സത്കാര ചടങ്ങ് ജില്ലാ ഭരണകൂടം ഇടപെട്ട് പുനക്രമീകരിച്ചാണ് പ്രധാനമന്ത്രിക്ക് താമസ സൗകര്യം ഒരുക്കിയത്.

ശ്രവണബലഗോളയിലെ ചടങ്ങിലും സൗത്ത് വെസ്റ്റേണ്‍ റെയില്‍വെയുടെ ചടങ്ങിലും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കാന്‍ വേണ്ടിയാണ് ഞായറാഴ്ച രാത്രിയോടെ പ്രധാനമന്ത്രി മൈസൂരുവിലെത്തിയത്.

Top