എസ്ബിഐ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്‌

thomas-isaac

തിരുവനന്തപുരം: സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള എസ്ബിഐ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്.

ജനങ്ങളെ ബാങ്ക് ഇടപാടുകളില്‍ നിന്ന് എങ്ങനെ അകറ്റാമെന്ന ആലോചനയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇനി മുതല്‍ സൗജന്യ എടിഎം ഇടപാടുകള്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചിരുന്നു. ഒരു തവണ എടിഎം ഇടപാടിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായിരുന്നു ഇതാണ് ഇതോടെ ഇല്ലാതാകുന്നത്.

എസ്ബിഐയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണ്. ക്യാഷ് ലെസ് സമ്പദ്‌വ്യവസ്ഥയെന്നു പറഞ്ഞ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശരിയല്ലെന്നും ജനങ്ങള്‍ പ്രതികരിച്ചു.

നീക്കം ജനങ്ങളോടുള്ള ദ്രോഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അടിയന്തരമായി നടപടി പിന്‍വലിക്കണം. ഇന്നു തന്നെ ധനകാര്യമന്ത്രിയ്ക്ക് കത്തയക്കുമെന്നും ചെന്നിത്തല അറിയിച്ചു.

Top