no confirmed data about fake notes reserve bank of india

Reserve bank of india

മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷം ലഭിച്ച കള്ളനോട്ടുകളെക്കുറിച്ച് തങ്ങളുടെ കയ്യില്‍ കണക്കുകളിലെന്ന് റിസര്‍വ് ബാങ്ക് .

തിരികെ വന്ന നോട്ടുകളില്‍ എത്ര രൂപയുടെ കള്ളനോട്ടുകള്‍ ഉണ്ടെന്നോ അവയുടെ സീരിയല്‍ നമ്പറുകള്‍ ഏതൊക്കെയെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി റിസര്‍വ് ബാങ്ക് അറിയിച്ചു.

വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ വി. ഗല്‍ഗലി നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് റിസര്‍വ് ബാങ്കിന്റെ ഈ വിശദീകരണം.

500, 1,00 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത് കള്ളപ്പണം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം റിസര്‍വ്വ് ബാങ്കിന്റെ ഈ വെളിപ്പെടുത്തലോടെ പൊളിയുകയാണെന്ന് അനില്‍ വി. ഗല്‍ഗലി പറഞ്ഞു.

തിരിച്ചെത്തിയ കള്ളപ്പണം സംബന്ധിച്ച് കണക്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നോട്ട് പിന്‍വലിക്കല്‍ നടപടി പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി പിടിച്ചെടുത്ത കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ട് നിരോധനത്തിനു ശേഷമുള്ള കാലയളവില്‍ റിസര്‍വ് ബാങ്കില്‍ ലഭിച്ച കള്ളനോട്ടുകളുടെ നമ്പറുകളോ മൊത്തം മൂല്യമോ ലഭ്യമാക്കണമെന്നായിരുന്നു വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്നായിരുന്നു ആര്‍ബിഐയുടെ മറുപടി.

Top