ഗൗരി ലങ്കേഷിന്റെ കൊലപാതകം, പ്രതികളെ പറ്റി തുമ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ സംബന്ധിച്ചു തുമ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി.

കൊലപാതകത്തെ സംബന്ധിച്ചും കൊലയാളികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ സംബന്ധിച്ചും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. അന്വേഷണം നടക്കുകയാണെന്നും കാര്യമായ തെളിവുകള്‍ ലഭിക്കാതെ എന്തെങ്കിലും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേസ് അന്വേഷിക്കുന്നതിനായി ഇന്റലിജന്‍സ് ഐജിപി ബി.കെ.സിംഗിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഇതേവരെ സംസ്ഥാനത്ത് 80-ല്‍ അധികംപേരെ സംഘം ചോദ്യം ചെയ്തിരുന്നു.

കേസിന്റെ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഈ മാസം ആറിനാണ് ബംഗളുരു രാജേശ്വരി നഗറിലെ വീട്ടില്‍ ഗൗരി വെടിയേറ്റു മരിച്ചത്. എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി.ലങ്കേഷിന്റെ മകളാണു ഗൗരി.

Top