ബിനോയ് വിഷയത്തില്‍ പുകഞ്ഞ് സഭ ; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനെതിരെ സഭയില്‍ ഭരണപക്ഷം പ്രതിഷേധിച്ചു.

സഭയ്ക്ക് പുറത്തുള്ള വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന്, പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കാതിരിക്കുന്നതിന് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നതായി സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

അതേസമയം, ബിനോയ് വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദേശത്ത് നടന്ന കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം ഉന്നയിക്കാനാവില്ല. സഭയിലെ ഒരു അംഗത്തിനും ഇതുമായി ബന്ധമില്ല. കേരളത്തിലോ ഇന്ത്യയിലോ പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്. ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം സര്‍ക്കാരിനെതിരെ ഈ വിഷയം ഉന്നയിക്കുകയാണ്. കേസ് സംബന്ധിച്ച് ആരോപണവിധേയര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിനോയിയുടെ മടങ്ങിയ ചെക്ക് സഭയില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

Top