സോണിയ വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മോദിയെ കാണാന്‍ നിതീഷ് കുമാര്‍

ന്യൂഡല്‍ഹി : ദേശീയ രാഷ്ട്രീയത്തില്‍ പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി മരുന്നിട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.

രാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ ഐക്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തുന്ന ശ്രമങ്ങളില്‍ പങ്കുചേരാതെയാണു വിശാലസഖ്യത്തിന്റെ നേതാവായ നിതീഷ് കുമാര്‍ മോദിയെ കാണുന്നത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നിലാണ് നിതീഷ് കുമാര്‍ പങ്കെടുക്കുന്നത്.

സോണിയ വിളിച്ച യോഗത്തില്‍ നിതീഷ് കുമാറിനു പകരം ജെഡിയുവിനെ പ്രതിനിധീകരിച്ച് കെ.സി. ത്യാഗിയാണ് പങ്കെടുത്തത്‌. എന്നാല്‍, പ്രധാനമന്ത്രിയുടെ വിരുന്ന് തികച്ചും ഔദ്യോഗികമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നുമാണു ജെഡിയു നേതാക്കള്‍ പറയുന്നത്‌.

അതേസമയം, ആര്‍ജെഡിയുമായി സ്ഥാപിച്ച വിശാലസഖ്യത്തില്‍നിന്നും അകന്നു തന്റെ പഴയ തട്ടകമായ ബിജെപി കൂട്ടുകെട്ടിലേക്കു മടങ്ങാനുള്ള നിതീഷ് കുമാറിന്റെ ശ്രമമായിട്ടാണ് ചിലര്‍ ഈ നീക്കത്തെ കാണുന്നത്.

നേരത്തെ, പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനം വിളിച്ചുവരുത്തിയ നോട്ട് നിരോധനത്തിലും മോദിയെ പിന്താങ്ങുന്ന നിലപാടാണു നിതീഷ് കുമാര്‍ സ്വീകരിച്ചിരുന്നത്. ഇതിനു പിന്നാലെയാണു ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ സംഘടിക്കാനുളള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമത്തില്‍നിന്നു നിതീഷ് വഴുതിമാറുന്നത്. അതിനിടെ, നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു രണ്ടാമതൊരു അവസരം കൂടി നല്‍കാന്‍ അദ്ദേഹത്തെ പ്രതിപക്ഷം പിന്താങ്ങണം എന്നു നിതീഷ് കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, രാഷ്ട്രപതിസ്ഥാനത്തേക്കു പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 17 കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തു. ദേശീയ രാഷ്ട്രീയത്തില്‍ ബദ്ധവൈരികളായി നില്‍ക്കുന്ന കക്ഷിനേതാക്കള്‍പോലും സോണിയാ ഗാന്ധി വിളിച്ച യോഗത്തിനെത്തിയതു കൗതുകകരമായി.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പങ്കെടുത്തു. മമത ഉണ്ടെങ്കില്‍ തങ്ങളില്ല എന്ന നിലപാട് സിപിഎം മാറ്റി. ഉത്തര്‍പ്രദേശില്‍നിന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും പങ്കെടുത്തു.

എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ജനതാദള്‍ (യു) നേതാക്കളായ ശരദ് യാദവ്, കെ.സി.ത്യാഗി, ഡിഎംകെയുടെ കനിമൊഴി എംപി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, സമാജ്‌വാദി പാര്‍ട്ടിയുടെ റാം ഗോപാല്‍ യാദവ്, നരേഷ് അഗര്‍വാള്‍, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി, പാര്‍ട്ടി നേതാവ് ഡി.രാജ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സഞ്ജീവ് കുമാര്‍, ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ ബദറുദ്ദീന്‍ അജ്മല്‍, ജനതാദള്‍ സെക്യുലറിന്റെ സി.എസ്.പുട്ടരാജു എന്നിവരും പങ്കെടുത്തു.

കോണ്‍ഗ്രസില്‍ നിന്നു വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും ഉണ്ടായിരുന്നു. അതേസമയം, ഒഡീഷയില്‍നിന്ന് നവീന്‍ പട്‌നായിക്കിന്റെ ബിജെഡി, ഡല്‍ഹിയില്‍നിന്ന് ആംആദ്മി പാര്‍ട്ടി എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി.

രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഭരണപക്ഷത്ത് നിന്നുള്ള നീക്കത്തിനുവേണ്ടി കാത്തിരിക്കാന്‍ യോഗം തീരുമാനിച്ചു. അഭിപ്രായ സമന്വയത്തിലൂടെ പൊതുസ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ബിജെപി മുന്‍കയ്യെടുക്കുന്നില്ലെങ്കില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങാന്‍ ധാരണയായി.

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഭിന്നതകള്‍ മറന്ന് ഒരുമിച്ചുനില്‍ക്കണം എന്നു പങ്കെടുത്ത എല്ലാ നേതാക്കളും അഭിപ്രായപ്പെട്ടു.

Top