പകര്‍പ്പവകാശ ലംഘനം; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാത്തതിന്റെ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. ജെ എന്‍ യു സ്‌കോളറും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അതുല്‍ കുമാര്‍ സിങ് നല്‍കിയ പരാതിയിലാണ് കക്ഷി ചേരാത്തതിന്റെ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉത്തരവാദിത്തത്തില്‍, പട്‌ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ ഡി ആര്‍ ഐയുടെ മെമ്പര്‍ സെക്രട്ടറി ഷൈബാല്‍ ഗുപ്ത പുറത്തിറക്കിയ പുസ്തകം തന്റെ ഗവേഷണ പ്രബന്ധമാണെന്നു കാണിച്ചാണ് അതുല്‍ കുമാര്‍ സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.

‘റോള്‍ ഓഫ് സ്റ്റേറ്റ് ഇന്‍ എക്കണോമിക് ട്രാന്‍സ്‌ഫോര്‍മേഷന്‍: എ കേസ് സ്റ്റഡി ഓഫ് കണ്ടംപററി ബിഹാര്‍ ഓഫ് 2006’ എന്ന തന്റെ ഗവേഷണ പ്രബന്ധം മോഷ്ടിച്ചുവെന്നാണ് അതുല്‍ കുമാര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

നിതീഷ് കുമാര്‍, ഷൈബാല്‍ ഗുപ്ത, എ ഡി ആര്‍ ഐ, സെന്റര്‍ ഫോര്‍ എക്കണോമിക് പോളിസി ആന്‍ഡ് പബ്‌ളിക് ഫിനാന്‍സ് എന്നിവരില്‍ നിന്ന് 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും അതുല്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തതിനാലായിരുന്നു അതുല്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Top