nine malayalees killed in afghan during american bombblast-says afghan, american intelligence agencies

കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ കേന്ദ്രങ്ങള്‍ക്കുനേരേ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തിലെ കാസര്‍ഗോഡ് നിന്നടക്കം കാണാതായി ഐ.എസില്‍ ചേര്‍ന്ന ഒന്‍പതുപേര്‍കൂടി കൊല്ലപ്പെട്ടതായി സംശയം. ഐ.എസ്. കേരള ഘടകത്തിന്റെ അമീര്‍ കോഴിക്കോട് സ്വദേശി സജീര്‍ അബ്ദുള്ളയും കൊല്ലപ്പെട്ടതായാണ് വിവരം ലഭിക്കുന്നത്. അഫ്ഗാന്‍, അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാലും മണ്ണുമൂടിയതിനാലും കൃത്യമായി സ്ഥിരീകരിക്കാനാവില്ലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കരുതുന്നത്.

ആക്രമണത്തില്‍ അഞ്ചിലേറെ മലയാളികള്‍ കൊല്ലപ്പെട്ടതായി നേരത്തേ സൂചന ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാന്‍, അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. അഫ്ഗാനില്‍ നിന്ന് ഇറാഖിലെ ഐ.എസ്. കേന്ദ്രത്തിലേക്കുള്ള സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്നാണ് കൂടുതല്‍പ്പേര്‍ മരിച്ചതായി സംശയിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി അയച്ച സന്ദേശങ്ങളില്‍ കാണുന്ന ദായേഷ് അല്‍ ഹിന്ദ് എന്നുതുടങ്ങുന്ന ചില കോഡ് വാക്യങ്ങള്‍ സജീറിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് സൂചന.

അഫ്ഗാന്‍ ഏജന്‍സികള്‍ നല്‍കുന്ന പുതിയ സൂചനയനുസരിച്ച് കേരളത്തില്‍നിന്ന് ഐ.എസിലെത്തിയ 21 പേരില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.

കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയാണ് മരിച്ചെന്നു കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ള. കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടി ജോലിതേടി സൗദിയിലെത്തിയതാണ്. അവിടെനിന്നാണ് ഐ.എസില്‍ ചേരുന്നത്. കേരളത്തില്‍നിന്ന് ഐ.എസ്. ക്യാമ്പിലേക്കുപോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍.ഐ.എ. നേരത്തേ കണ്ടെത്തിയിരുന്നു. ആക്രമണത്തില്‍ ഐ.എസ്. സിരാകേന്ദ്രമാണ് തകര്‍ക്കപ്പെട്ടത്. ഒന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാം തകര്‍ന്നതായാണ് വിവരം.

വിലായത്ത് ഖൊറോസാന്‍ എന്നപേരില്‍ അറിയപ്പെടുന്ന ഐ.എസിന്റെ അഫ്ഗാന്‍ ഘടകത്തിലാണ് കാണാതായ മലയാളികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ ഘടകത്തിന്റെ ആസ്ഥാനമാണ് നാംഗര്‍ഹാര്‍. പാകിസ്ഥാനികള്‍, ചെക്ക് വംശജര്‍, ലെബനനില്‍ നിന്നുള്ളവര്‍ എന്നിവരാണ് പ്രധാനമായും ഈ ഘടകത്തിലുണ്ടായിരുന്നത്.

Top