എം.വിന്‍സന്റിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ആന്‍സലന്‍ എം.എല്‍.എ

തിരുവനന്തപുരം: കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് താനോ തന്റെ പാര്‍ട്ടിയോ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്ന് നെയ്യാറ്റാന്‍കര എം.എല്‍.എ കെ.ആന്‍സലന്‍.

കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തി എന്ന രീതിയില്‍ ആക്ഷേപങ്ങളുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

ജൂലായ് 19 ന് വൈകിട്ട് 3 മണിയോടെ തന്റെ മണ്ഡലത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇരയാക്കപ്പെട്ട സഹോദരിയെയോ ഭര്‍ത്താവിനെയോ തനിക്ക് മുന്‍ പരിചയമില്ല. ഈ നിമിഷം വരെ അവരെ കണ്ടിട്ടില്ല. അവിടെ കൂടി നിന്ന നാട്ടുകാരില്‍ നിന്നും മാദ്ധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കുകയും ഉടന്‍ തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തുവെന്നും എംഎല്‍എ പറയുന്നു.

യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് ‘ഗൂഢാലോചന ‘ ആരോപിക്കുന്നത്. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നത്. തെറ്റ് ചെയ്തവര്‍ അത് ആരായാലും ശിക്ഷിക്കപ്പെടും. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top