വാര്‍ത്ത വായിക്കുന്ന അവതാരകയ്‌ക്കൊപ്പം ലൈവില്‍ നായയും

മോസ്‌ക്കോ: ന്യൂസ് റൂമിലെ പല രീതിയിലുള്ള അബദ്ധങ്ങളും കൗതുകങ്ങളും കാണാറുണ്ട്.

എന്നാല്‍ റഷ്യയിലെ ഒരു പ്രാദേശിക ചാനലിലെ ന്യൂസ് ലൈവില്‍ കണ്ടത് ഏറ്റവും രസകരമായ ദൃശ്യമാണ്. വാര്‍ത്ത വായിക്കുന്നതിനിടയില്‍ ലൈവില്‍ നായ കയറി വരുന്നതും നായയെ അരികിലിരുത്തി മനസ്സാന്നിധ്യം കൈവിടാതെ അവതാരക വാര്‍ത്ത വായിക്കുന്നതുമാണ് ദൃശ്യത്തില്‍. യുട്യൂബില്‍ വൈറലായ വീഡിയോ ഇതിനോടകം കണ്ടത് 30 ലക്ഷം ആളുകളാണ്.

മോസ്‌കോയില്‍ നടന്ന ഒരു പ്രധാനപ്പെട്ട സംഭവം ജനങ്ങളിലെത്തിക്കുകയായിരുന്നു അവതാരക. എന്നാല്‍ അതിനിടയിലാണ് ഇരിക്കുന്ന മേശക്കടിയില്‍ നിന്നു കുര കേട്ടത്. ശബ്ദം കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കിയ അവതാരക കണ്ടത് കറുത്ത നിറത്തിലുള്ള ലാബ്രഡോര്‍ ഇനത്തില്‍ പെട്ട വളര്‍ത്തു നായയെയാണ്.

അവതാരക മനസ്സാന്നിധ്യം കൈവിടാതെ വാര്‍ത്ത വായന തുടര്‍ന്നെങ്കിലും കാണികളെയും അവതാരികയെയും ഒരു പോലെ ഞെട്ടിച്ചു കൊണ്ട് നായ വാര്‍ത്ത വായിക്കുന്ന മേശയ്ക്ക് മുകളിലേക്ക് ചാടി.

‘ഇതു കൊണ്ടാണ് താനൊരു പൂച്ചപ്രേമിയായതെന്ന്’ നായയുടെ നെറുകില്‍ തലോടി ക്കൊണ്ട് അവതാരിക നര്‍മ്മം കലര്‍ത്തി സംസാരിച്ചത് കാണികളെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. അവതാരകയുടെ നര്‍മ്മവും മനസ്സാന്നിധ്യവും വീഡിയോയ്‌ക്കൊപ്പം പ്രശംസകള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്.

Top