New Zealand vs Bangladesh: Kane Williamson leads hosts to stunning 7-wicket win

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് അപ്രതീക്ഷിത തോല്‍വി. 66/3 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സ് 160 റണ്‍സില്‍ അവസാനിച്ചു.

വിജയലക്ഷ്യമായ 217 റണ്‍സ് കിവീസ് 39.4 ഓവറില്‍ നേടുകയും ചെയ്തു. 90 പന്തില്‍ 104 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ മികവിലായിരുന്നു കിവീസ് വിജയം ഉറപ്പാക്കിയത്.

60 റണ്‍സ് നേടിയ റോസ് ടെയ്‌ലര്‍ നായകന് മികച്ച പിന്തുണയും നല്‍കി.

അവസാന ദിനം ബംഗ്ലാദേശ് മധ്യനിരയും വാലറ്റവും തകര്‍ന്നടിഞ്ഞതോടെയാണ് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 595 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ബംഗ്ലാദേശ് മത്സരം കളഞ്ഞുകുളിച്ചത്.

ഇത്രയും ഉയര്‍ന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയ ശേഷം ഒരു ടീം ടെസ്റ്റ് മത്സരം തോല്‍ക്കുന്നത് ഒരു നൂറ്റാണ്ടിന് ശേഷമാണ്. 1894-95 കാലഘട്ടത്തില്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയാണ് ഇതിന് മുന്‍പ് ഏറ്റവും അധികം ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ നേടിയശേഷം മത്സരം തോറ്റത്.

അന്ന് 586 റണ്‍സ് നേടിയ ശേഷമാണ് ഓസീസ് തോറ്റത്. ഈ പട്ടികയില്‍ രണ്ടു തവണ ബംഗ്ലാദേശിന്റെ പേര് ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു. 2012-13ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 556 റണ്‍സ് നേടിയ ശേഷവും അവര്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

56 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിന് എത്തിയ സന്ദര്‍ശകര്‍ക്ക് വേണ്ടി സാബിര്‍ റഹ്നാന്‍ 50 റണ്‍സ് നേടി. ആദ്യ ഇന്നിംഗ്‌സിലെ ഇരട്ട സെഞ്ചുറി വീരന്‍ ഷാക്കിബ് അല്‍ ഹസന്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പും സെഞ്ചുറി നേടിയ മുഷ്ഫിഖുര്‍ റഹീം 13 റണ്‍സിനും പുറത്തായി.

കിവീസിന് വേണ്ടി ട്രന്റ് ബോള്‍ട്ട് മൂന്നും നീല്‍ വാഗ്‌നര്‍, മിച്ചല്‍ സാറ്റ്‌നര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

സ്‌കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ് 595, രണ്ടാം ഇന്നിംഗ്‌സ് 160. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സ് 539, രണ്ടാം ഇന്നിംഗ്‌സ് 217/3. ആദ്യ ഇന്നിംഗ്‌സില്‍ കിവീസിന് വേണ്ടി സെഞ്ചുറി നേടിയ ടോം ലാതമാണ് മാന്‍ ഓഫ് ദ മാച്ച്. ലാതം 177 റണ്‍സ് നേടിയിരുന്നു.

Top