new research suggests an unseen 9th planet may be tilting the solar system

ത്തിജ്വലിക്കുന്ന സൂര്യന്റെ ചെരിവിന് കാരണം സൗരയൂഥത്തിലെ ഒമ്പതാമത്തെ അജ്ഞാത ഗ്രഹമാണെന്ന് കണ്ടെത്തി.സൂര്യനില്‍ നിന്നും ഏറെ അകലെയുള്ള ഭീമന്‍ ഗ്രഹം സൗരയൂഥത്തിലുണ്ടെന്ന സൂചനകള്‍ ലഭിക്കുന്നത് ജനുവരിയിലാണ്.

കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജ്യോതിശാസ്ത്രജ്ഞരായിരുന്നു പ്രവചനത്തിന് പിന്നില്‍.

ഏറെ ശ്രദ്ധയാകര്‍ഷിച്ച ഈ കണ്ടെത്തലിന് പിന്നാലെ ഒമ്പതാം ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ ജ്യോതിശാസ്ത്രജ്ഞര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണവിജയം കണ്ടിട്ടില്ല.

ഭൂമിയുടെ പത്ത് മടങ്ങെങ്കിലും വലിപ്പമുണ്ടാകും ഈ ഗ്രഹത്തിനെന്നാണ് കരുതുന്നത്. അസാധാരണ വലിപ്പത്തിന് പുറമേ ഈ ഒമ്പതാമന്റെ ഭ്രമണപഥവും മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണെന്നാണ് അനുമാനം.

ഈ ഗ്രഹത്തിന്റെ സ്വാധീനത്തില്‍ പെട്ട് സൗരയൂഥം പോലും ഒരു ഭാഗത്തേക്ക് ചെരിഞ്ഞെന്നും ഇതാണ് സൂര്യന്റെ ചെരിവിന് കാരണമായതെന്നുമാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്.

സൂര്യന്‍ മാത്രമല്ല സൗരയൂഥം തന്നെയും ഈ ഭീമന്‍ ഗ്രഹത്തിന്റെ സ്വാധീനവലയത്തില്‍ പെട്ട് ചെരിയുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

നിലവില്‍ അറിവിലുള്ള സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങള്‍ക്കും ഏകദേശം ഒരേ രീതിയിലുള്ള ഭ്രമണപഥമാണുള്ളത്. പരമാവധി ഒന്നോ രണ്ടോ ഡിഗ്രി ചെരിവിന്റെ വ്യത്യാസമേ ഭൂമി അടക്കമുള്ള ഈ ഗ്രഹങ്ങള്‍ തമ്മിലുള്ളൂ.

എന്നാല്‍ ഒമ്പതാം ഗ്രഹത്തിന് സൂര്യനെ അപേക്ഷിച്ച് എട്ട് ഡിഗ്രിവരെ ചരിവുണ്ടെന്നാണ് കരുതപ്പെടുന്നത്. ഭൂമിയുടെ ഭ്രമണപഥത്തേക്കാള്‍ 20 ഇരട്ടി വലിപ്പമുള്ള ഭ്രമണപഥത്തിലൂടെയാണ് ഈ ഗ്രഹം സൂര്യനെ ചുറ്റുന്നതെന്നും അനുമാനങ്ങളുണ്ട്.

മറ്റു ഗ്രഹങ്ങളുടെ ഭ്രമണപഥത്തെ അപേക്ഷിച്ച് 30 ഡിഗ്രി വ്യത്യാസത്തിലാണ് ഈ അജ്ഞാത ഗ്രഹം സൂര്യനെ വലംവെക്കുന്നത്. ജ്യോതിശാസ്ത്രലോകം ഏറെ ആകാംഷയോടെയാണ് ഈ ഒമ്പതാം ഗ്രഹം ഉണ്ടെന്ന സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നത്.

ഒമ്പതാം ഗ്രഹമെന്ന് ചിലര്‍ വിളിക്കുമ്പോള്‍ മറ്റുചിലര്‍ പ്ലാനെറ്റ് എക്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആസ്‌ട്രോഫിസിക്കല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറെ വൈകാതെ സൗരയൂഥത്തിലെ അജ്ഞാത ഒമ്പതാം ഗ്രഹം മറനീക്കി പുറത്തുവരുമെന്ന ശുഭപ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Top