മാഹി കൊലപാതകം: പ്രതികള്‍ക്കായി അര്‍ധരാത്രിയില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്

police2

തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ന്യൂ മാഹി പെരിങ്ങാടിയിലെ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി അര്‍ദ്ധ രാത്രിയില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്. എഎസ്പി ചൈത്ര തെരേസ ജോണ്‍, ന്യൂ മാഹി പ്രിന്‍സിപ്പല്‍ എസ്‌ഐ പി.കെ.സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സായുധ സേനയാണ് ന്യൂ മാഹി, മാഹി പ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയത്.

ബംഗളൂരുവില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയ സിപിഎം പ്രവര്‍ത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കായി കഴിഞ്ഞ രാത്രി റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലുള്ള മൂന്ന് പേരെ അന്വേഷണം സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഇതിനിടയില്‍ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട സമയത്ത് പള്ളൂരില്‍ നിന്നും ബൈക്കില്‍ രണ്ട് പേര്‍ അതിവേഗത്തില്‍ ന്യൂ മാഹി പെരിങ്ങാടിയില്‍ എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇവര്‍ എത്തിയ ശേഷമാണ് ഇവരുള്‍പ്പെടെ ആറംഗസംഘം ആയുധവുമായി റോഡിലിറങ്ങുകയും അതുവഴി വന്ന ഷമേജിനെ വകവരുത്തുകയും ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

പൊലീസ് ഭാഷയില്‍ സര്‍ജന്‍മാര്‍ എന്ന് വിളിക്കപ്പെടുന്ന കൊലയാളി സംഘങ്ങള്‍ ബാബു കൊല്ലപ്പെട്ടതറിഞ്ഞ് പെട്ടെന്ന് എടുത്ത തീരുമാനത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകരെ തേടി റോഡിലിറങ്ങിയാതാണെന്നും ഇതേസമയം അതുവഴി വന്ന ഷമേജിനെ വകവരുത്തുകയുമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

എന്നാല്‍ ആരുടെയെങ്കിലും നിര്‍ദ്ദേശമാണോ ബാബു കൊല്ലപ്പെട്ടയുടന്‍ പള്ളൂരില്‍ നിന്നും ബൈക്കില്‍ രണ്ട് പേര്‍ പെരിങ്ങാടിയിലേക്ക് വന്നതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊലയാളി സംഘത്തിലെ ആറുപേരേയും ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാവരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ കസ്റ്റഡിയിലുള്ളവരില്‍ ഒരാളാണ് സംഭവത്തിലെ മുഖ്യ സൂത്രധാരകനെന്നാണ് സൂചന. എന്നാല്‍ ഇയാളുടെ പങ്ക് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലയാളി സംഘത്തെ പിടികൂടിയ ശേഷം മാത്രമേ നിലവില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയുള്ളൂ.

കസ്റ്റഡിയിലുള്ള മൂന്നു പേരില്‍ രണ്ട് പേര്‍ നിരപരാധികളാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന പ്രതികളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

Top