കേരളത്തില്‍ പ്രവേശനമില്ല; പി.കൃഷ്ണദാസിന്റെ വിലക്ക് തുടരും

ന്യൂഡല്‍ഹി: ഷഹീര്‍ ഷൗക്കത്തലി കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടാണ് കൃഷ്ണദാസ് ഹര്‍ജി നല്‍കിയത്. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് ജസ്റ്റിസുമാരായ എന്‍.വി രമണ, അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.

സമാനമായ അപേക്ഷ നേരത്തെ നല്‍കിയപ്പോള്‍ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കാതെ ഒഴിവാക്കിയതാണെന്ന കാര്യവും ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു.കേസില്‍ കൃഷ്ണദാസിനെ നേരത്തെ ജാമ്യം നല്‍കിയിരുന്നു.

ജാമ്യ വ്യവസ്ഥ അനുസരിച്ച് കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ജാമ്യത്തില്‍ തുടരുന്ന കാലം കോയമ്പത്തൂരിന് പുറത്ത് പോകാനും പാടില്ല. ഷഹീര്‍ ഷൗക്കത്ത് അലി എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കൃഷ്ണദാസിനോട് കേരളത്തില്‍ പ്രവേശിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ്‌ സുപ്രീം കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ തവണ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയപ്പോള്‍ കോടതി കൃഷ്ണദാസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൃഷ്ണദാസിനെ കാട്ടിലേക്കല്ല അയച്ചതെന്നും കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കാണെന്നും കോടതി പറഞ്ഞിരുന്നു.

Top