നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം: നാല് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി ജവര്‍ഹര്‍ലാല്‍ ലോ കോളേജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുത്തു. കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ കൃഷ്ണമൂര്‍ത്തി, ലീഗല്‍ അഡ്വൈസര്‍ ഉണ്ണികൃഷ്ണന്‍, ഓഫീസ് അസിസ്റ്റന്റ് വത്സലകുമാര്‍, അദ്ധ്യാപിക ഷീന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ പേരിലുണ്ടായിരുന്ന സസ്പെന്‍ഷന്‍ പിന്‍വലിച്ചു. എസ്.എഫ്.ഐയും കോളേജ് മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

പാലക്കാട് സ്വദേശിയും ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ അര്‍ഷാദാണ് ക്ലാസ് മുറിയില്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച്‌ മദ്യപിച്ചെന്നാരോപിച്ച്‌ അര്‍ഷാദടക്കം ചിലരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ മാനേജ്മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അര്‍ഷാദിനെ ക്ലാസില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്മെന്റ് ഉറച്ചുനിന്നു.

കഴിഞ്ഞ ദിവസം രാവിലെ ക്ലാസിലെത്തിയ അര്‍ഷാദിനോട് ക്ലാസിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അദ്ധ്യാപകര്‍ പറഞ്ഞതായാണ് വിവരം. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന വിഷക്കുപ്പി വായിലേക്ക് കമഴ്ത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Top