nehru college issue

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വൈസ് പ്രിന്‍സിപ്പലടക്കം അഞ്ച് പേരെ പുറത്താക്കി. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഔദ്യോഗിക ഉറപ്പിലാണ് 4 അധ്യാപകരും പിആര്‍ഒയുമടക്കമുള്ളവരെ പുറത്താക്കിയതായി കോളജ് മാനേജ്‌മെന്റ് അറിയിച്ചത്. വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനൊടുവിലാണ് തീരുമാനം.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സമരത്തിനൊടുവില്‍ തൃശൂര്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ തീരുമാനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെയാണ് വിദ്യാര്‍ഥികള്‍ ഇന്ന് വീണ്ടും പഠിപ്പ് മുടക്കി സമരം ആരംഭിച്ചത്.

സമരം വീണ്ടും ആരംഭിച്ചതോടെ കോളജ് മാനേജ്‌മെന്റ് തീരുമാനങ്ങള്‍ അംഗീകരിച്ച് കൊണ്ട് ഔദ്യോഗിക ഉത്തരവിറക്കി. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പി ആര്‍ ഒ സഞ്ജിത് കെ വിശ്വനാഥന്‍, അധ്യാപകരായ സി പി പ്രവീണ്‍, ഗോവിന്ദന്‍ കുട്ടി, ഇര്‍ഷാദ് എന്നിവരെയാണ് പുറത്താക്കി കൊണ്ട് ഉത്തരവിറക്കിയത്.

ഇതില്‍ ശക്തിവേല്‍, സഞ്ജിത്, പ്രവീണ്‍ എന്നിവര്‍ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണ്. പൊലീസ് അന്വേഷിക്കുന്ന മൂന്നു പേരും ഒളിവിലാണ്. വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നു എന്ന് ആരോപണം നേരിട്ടവരാണ് പുറത്താക്കപ്പെട്ട അഞ്ച് പേരും. കോളജ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് അക്കാദമിക വിഷയങ്ങളില്‍ ഇടപെടില്ല എന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഇതോടെ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു.

Top