nehru college issue-to examine Ci mobile details by students

തൃശൂർ: നെഹ്റു എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണ സംഘത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ എ എസ് പി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന തെളിവെടുപ്പുകൾ ആദ്യ അന്വേഷണ സംഘം വിട്ടു കളഞ്ഞത് ആരെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന ചോദ്യം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു.

ഒരു അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പൊലീസ് പാലിക്കേണ്ട പ്രാഥമിക നടപടികൾ പോലും വളരെ വൈകി മാത്രമാണ് ഇവിടെ ആരംഭിച്ചത് എന്നത് ഏറെ സംശയങ്ങൾ ഉയർത്തുന്നതാണ്. മരണം നടന്ന് 40 ദിവസത്തിനു ശേഷം മാത്രമാണ് സംഭവസ്ഥലത്ത് നിന്ന് രക്ത കറ കണ്ടെത്തുന്നത്.

പ്രാഥമികമായി നടത്തേണ്ട നടപടി പഴയന്നൂർ പൊലീസും സർക്കിൾ ഇൻസ്പെക്ടറും നടത്താതിരുന്നത് വ്യക്തമായ ഇടപെടൽ മൂലമാണെന്നാണ് ആരോപണം. വസ്തുതക്ക് നിരക്കുന്നത് തന്നെയാണ് ഈ ആക്ഷേപം. ഫോറൻസിക് വിദഗ്ദരെ കൊണ്ട് വന്ന് ജനുവരി 19ന് ഹോസ്റ്റലിലെ കുളിമുറി മാത്രമാണ് പരിശോധിപ്പിച്ചത്.

ഇടിമുറിയെ കുറിച്ച് വിദ്യാർത്ഥികൾ പരാതി പറഞ്ഞിരുന്നെങ്കിലും അവിടെ പരിശോധന നടത്താൻ പൊലീസ് തയ്യാറായിരുന്നില്ല. ഈ പരിശോധന തന്നെ മരണം നടന്ന് 13 ദിവസം കഴിഞ്ഞാണ് നടത്തിയത്. മരണപ്പെട്ട ദിവസമോ തൊട്ടടുത്ത ദിവസമോ നടത്തേണ്ട പരിശോധനയായിരുന്നു ഇത്.

മൃതദേഹം കണ്ടെത്തിയ കുളിമുറി പോലും സീൽ ചെയ്തില്ല. മാത്രമല്ല കോളേജ് അധികൃതർ നൽകിയ താഴാണ് പൂട്ടാൻ ഉപയോഗിച്ചത് തന്നെ.

തൂങ്ങി മരിക്കാൻ ഉപയോഗിച്ചു എന്നു പറയുന്ന തോർത്ത് പോലും മൃതദേഹ പരിശോധന നടത്തിയ ഡോക്ടർ കണ്ടിട്ടില്ല എന്നതും അതീവ ഗൗരവമുള്ള കാര്യമാണ്. പൊലീസ് സർജനല്ല മറിച്ച് പിജി വിദ്യാർത്ഥിയാണ് മൃതദേഹ പരിശോധന നടത്തിയതെന്നതും ശ്രദ്ധേയമാണ്.

കോപ്പിയടിച്ചത് പിടിക്കപ്പെട്ട മനോവിഷമത്തിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന് രേഖപ്പെടുത്തിയ ആദ്യ അന്യേഷണസംഘം മുഖത്തെ മുറിവുകളിലോ ശരീരത്തിലെ പാട്ടുകളിലോ സംശയം തോന്നാതെ വിട്ടു കളഞ്ഞതിലുമുണ്ട് ദുരൂഹത .

മരണസമയത്ത് കൂട്ടുകാർ കണ്ടെന്ന് പറയുന്ന ചോരപ്പാടുകൾ പരിശോധന സംഘം എത്തുമ്പോഴേക്കും അപ്രത്യക്ഷമായിരുന്നു. കുളിമുറി കഴുകി വൃത്തിയാക്കിയതായും വിദ്യാർത്ഥികൾ തന്നെ ആരോപിക്കുന്നു.

ആദ്യം കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥനെ വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ ഫോൺ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്താൽ കേസ് അട്ടിമറിക്കാൻ നടന്ന ഗൂഡാലോചന കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോൾ കേസന്വേഷിക്കുന്ന എ എസ് പിയുടെ അന്തിമ റിപ്പോർട്ടിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

Top