മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ ; നീറ്റ് ഫലം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ഫലപ്രഖ്യാപനത്തിനായി കുറച്ച് ദിവസങ്ങള്‍ കൂടി ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയില്‍ സി.ബി.എസ്.ഇ അറിയിച്ചിരുന്നു. എത്രയും പെട്ടെന്ന് സ്റ്റേ നീക്കിയില്ലെങ്കില്‍ പരീക്ഷയെഴുതിയ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ഏകീകൃത രീതിയിലല്ല എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടത്തിയതെന്ന് ആരോപിച്ചുകൊണ്ടുള്ള പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയാണ് പരീക്ഷാ ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

Top