നാരി സുരക്ഷ ബല്‍ ; ആന്റി റോമിയോ സ്‌ക്വാഡിന്റെ ‘ചീത്ത’പ്പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: സ്ത്രീ സുരക്ഷയ്ക്കായി രംഗത്തിറക്കി വിവാദത്തില്‍ ചെന്നു ചാടിയ ആന്റി റോമിയോ സ്‌ക്വാഡിന് ‘നാരി സുരക്ഷ ബല്‍’ എന്ന് പേരുമാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താനായി യോഗി ആദിത്യനാഥ് ആന്റി റോമിയോ സ്‌ക്വാഡിന് രൂപം നല്‍കിയത്.

എന്നാല്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ച പോലീസുകാര്‍ ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലെ തിരക്കേറിയ പാര്‍ക്കുകളിലും മാളുകളിലും കോളേജിലുമൊക്കെ കേറി നിരങ്ങി കമിതാക്കളെയടക്കം കസ്റ്റഡിയിലെടുത്ത് സദാചാരപൊലീസ് ചമഞ്ഞത് വിവാദമായിരുന്നു.

ഇതേക്കുറിച്ച് ലഭിച്ച പരാതിയില്‍ അലഹബാദ് കോടതിയുടെ ലക്‌നൗ ബെഞ്ച് പോലീസുകാരുടെ ഇത്തരം പ്രവൃത്തികളെ വിമര്‍ശിക്കുകയും നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്ന് വേണം പോലീസുകാര്‍ പ്രവര്‍ത്തിക്കുവാന്‍ എന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു.

പുതിയ പേരില്‍ വരുന്ന ആന്റി റോമിയോ സ്‌ക്വാഡിന് കാര്യമായ പരിശീലനം നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. നാരി സുരക്ഷ ബലില്ലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പ്രത്യേക പരിശീലനക്ലാസ്സില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top