Narendra Modi to address parivartan rally in Lucknow

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. സംസ്ഥാനത്ത് വനവാസത്തിന് അയയ്ക്കപ്പെട്ട വികസനത്തെ തിരിച്ചു കൊണ്ടുവരാന്‍ സമയമായെന്നും ലക്‌നൗവിലെ അംബേദ്കര്‍ ഗ്രൗണ്ടില്‍ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.

ഇന്നത്തെ ജനപങ്കാളിത്തം യുപി തിരഞ്ഞെടുപ്പിന്റെ ഫലമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മല്‍സരിച്ചപ്പോള്‍പ്പോലും ഇത്രയും വലിയ ജനപ്രവാഹം കണ്ടിട്ടില്ല. ഞാന്‍ ഇന്ത്യന്‍ രാഷ്ട്രീയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. പക്ഷേ, ഇത്രയും വലിയ റാലി ഒരിക്കലും കണ്ടിട്ടില്ലെന്നും മോദി പറഞ്ഞു.

14 വര്‍ഷമായി യു.പിക്ക് പുറത്താണ് ബി.ജെ.പിയുടെ സ്ഥാനം.എന്നാലിപ്പോള്‍ അത് അവസാനിപ്പിക്കാനുള്ള സമയമായി കഴിഞ്ഞു.

ഞാന്‍ യു.പിയില്‍ നിന്നുള്ള എം.പിയാണ്. ഇവിടെ മാറി മാറി ഭരിച്ച സമാജ്‌വാദി- ബി.എസ്.പി സര്‍ക്കാരുകള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഞാന്‍ കണ്ടതാണ്.

യു.പിയിലെ വികസന മുരടിപ്പ് അവസാനിപ്പിക്കാനുള്ള അവസരമാണ് ജനങ്ങളെ കാത്തിരിക്കുന്നത്. വികസനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യേണ്ട ഉത്തരവാദിത്തമാണ് ജനങ്ങളില്‍ വന്നു ചേര്‍ന്നിരിക്കുന്നത് മോദി പറഞ്ഞു.

ജാതി രാഷ്ട്രീയത്തിന് അതീതമായി വികസനത്തിന് വോട്ട് ചെയ്യൂ. ഇന്ത്യയുടെ വിധിയില്‍ മാറ്റംവരുത്തണമെങ്കില്‍ ആദ്യം ഉത്തര്‍പ്രദേശില്‍ നമ്മള്‍ മാറ്റം കൊണ്ടുവരണം.

കഴിഞ്ഞ 14 വര്‍ഷമായി യുപിയില്‍ വികസനമില്ല. വാജ്‌പേയിയെ പോലുള്ള നേതാക്കളുടെ കഠിനാധ്വാനമാണ് ലക്‌നൗവില്‍ ബിജെപിയുടെ അടിത്തറയെന്നും മോദി പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മൊബൈല്‍ ആപ്പിന് അംബേദ്കറുടെ പേര് നല്‍കിയതിനെതിരെ എന്തിനാണ് പ്രതിഷേധമുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

ഏതാനും ദിവസം മുമ്പ് നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനെതിരെയും പ്രതിഷേധമുണ്ടായി. മോദി പണം എടുക്കുന്നതും പ്രശ്‌നം, കൊടുക്കുന്നതും പ്രശ്‌നം. സ്വന്തം കാര്യസാധ്യത്തിനായി നടത്തുന്ന ഇങ്ങനെയുള്ള എതിര്‍പ്പുകളാണ് ഈ പാര്‍ട്ടികളെയെല്ലാം അപ്രസക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പണമിടപാടിനുള്ള ആപ്പിന്, ബാബാസാഹെബ് ഭീംറാവു അംബേദ്കറിനെ അനുസ്മരിച്ച് ഭീം എന്ന പേര് നല്‍കി. എന്നാല്‍ ഈ പേരിനെതിരെ എന്തിനാണ് പ്രതിഷേധം ഉണ്ടായതെന്ന് മനസിലാകുന്നില്ല.

മോദിയുടെ നോട്ട് നിരോധനത്തിന് എതിരെ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചു. ഇനി അവരുടെ കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെ. മകനെ എവിടെങ്കിലും എത്തിക്കണമെന്ന് 15 വര്‍ഷമായി കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും ഒന്നും സാധിക്കുന്നില്ല എന്നും അദ്ദേഹം പരിഹസിച്ചു.

തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും എന്നു ചിന്തിച്ച് ആരും സമയം കളയേണ്ട. യു.പിയില്‍ വികസനത്തിന്റെ വനവാസം അവസാനിപ്പിക്കുമെന്നും അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കുമെന്നും മോദി പ്രഖ്യാപിച്ചു.

പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍:

ദാരിദ്രം നമ്മുക്ക് ഇല്ലാതാക്കണം

വികസനത്തില്‍ രാഷ്ട്രീയം തടസമാകാന്‍ പാടില്ല

യുപി സര്‍ക്കാരില്‍ ഞാന്‍ ഏറെ അതൃപ്തനാണ്

കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കേണ്ടേ?

സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഒരുമിച്ച് കൈകള്‍ കോര്‍ത്തിരിക്കുകയാണ്.

ഭീം എന്ന പേരില്‍ ഒരു മൊബൈല്‍ ആപ് പുറത്തിറക്കിയിട്ടുണ്ട്. ഇ ഇടപാടുകള്‍ക്ക് ജനങ്ങള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഇല്ലാതാക്കാന്‍ സാധിക്കും.

Top