കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിന്ന് ഓടി ഒളിക്കുന്നുവെന്ന് ടിഡിപി

GALLA

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ നിന്നെല്ലാം ഓടിയൊളിക്കുകയാണെന്നും ഇതിന് സ്പീക്കര്‍ പിന്തുണ നല്‍കുകയാണെന്നും ടിഡിപി എംപി ജയദേവ് ഗല്ലാ. നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാതെ സഭ പരിച്ചുവിട്ട സംഭവത്തില്‍ പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം.

ഒത്തുകളിപോലെ എഡിഎംകെ ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും, സര്‍ക്കാര്‍ ജനാധിപത്യത്തെ ഉപയോഗിച്ച് കളിക്കുന്നതെങ്ങനെയെന്ന് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ കഴിയുന്ന അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ടിആര്‍എസ്, എഡിഎംകെ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ചകളൊന്നും കൂടാതെ പിരിഞ്ഞിരുന്നു. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് പാര്‍ലമെന്റ് ഇത്തരത്തില്‍ സ്തംഭിക്കുന്നത്.

Top