നടൻ മോഹൻലാലിന്റെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി !

ന്യൂഡല്‍ഹി : താരരാജാവ് മോഹന്‍ ലാലിന്റെ സഹായം തേടി പ്രധാനമന്ത്രി.

ഒക്ടോബര്‍ രണ്ടു വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് സഹകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്.

മഹാത്മാഗാന്ധിയുടെ ഹൃദയത്തോടു ചേര്‍ന്നു നിന്നിരുന്ന ‘സ്വച്ഛതാ’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താന്‍ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്.

വൃത്തിഹീനമായ ചുറ്റുപാട് രാജ്യത്തെ ദുര്‍ബല വിഭാഗത്തെയാണ് ഏറ്റവും ബാധിക്കുക. അവര്‍ക്കു വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹിമയുള്ള സേവനവും ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുകയെന്നതാണ്.

വന്‍തോതിലുള്ള മാറ്റം കൊണ്ടുവരുന്നതിന് സിനിമയ്ക്ക് സാധിക്കും. ഏറെ ആരാധകര്‍ ഉള്ള നടനെന്ന നിലയ്ക്ക് മോഹന്‍ലാലിന് ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നും കത്തില്‍ പറയുന്നു.

സ്വച്ഛഭാരത് പദ്ധതിയില്‍ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനുമാകും. ഈ സാഹചര്യത്തിലാണ് ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അല്‍പസമയം ചെലവഴിക്കാന്‍ തയാറാകണമെന്നും മോദി ആവശ്യപ്പെടുന്നു. നരേന്ദ്രമോദി മൊബൈല്‍ ആപ്പിലൂടെ ലാലിന്റെ പ്രതികരണവും തന്നെ അറിയിക്കാമെന്ന് കത്തില്‍ മോദിയുടെ വാക്കുകള്‍.

ശുചിത്വ സന്ദേശം രാജ്യമൊട്ടുക്ക് എത്തിക്കുക എന്ന ആഹ്വാനവുമായിട്ടാണ് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ പ്രചാരണ പരിപാടി നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇതിന്റെ ഭാഗമായുള്ള പ്രചാരപരിപാടികളും ക്യാംപെയ്‌നുകളും സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ കേരളത്തിലെ പ്രചാരണത്തിനാണ് മോഹന്‍ലാലിന്റെ പിന്തുണ തേടിയത്.

ഉത്തര്‍പ്രദേശിലെ ഇശ്വരി ഗഞ്ജ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി റാം നാഥ് കോവിന്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആരാധനാലയമുണ്ടാകുന്നതിലും പ്രധാനം വീടുകളില്‍ ശുചിമുറികള്‍ നിര്‍മിക്കുന്നതാണെന്നു ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് പറഞ്ഞു. തുറസ്സായ സ്ഥലത്തു വിസര്‍ജനമില്ലാത്ത രാജ്യമായി 2019 ഒക്ടോബറില്‍ ഇന്ത്യയെ മാറ്റുമെന്നു കേന്ദ്ര ശുദ്ധജല, മാലിന്യ നിര്‍മാര്‍ജന വകുപ്പുമന്ത്രി ഉമാ ഭാരതി പറഞ്ഞു.

Top