narendra modi man ki bat uri terror-attack

കോഴിക്കോട് : ഉറി ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നു വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഉറി ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഞാന്‍ ഉറപ്പുനല്‍കുകയാണ്.

ഇന്ത്യന്‍ സൈന്യം സംസാരിക്കുകയല്ല, പ്രത്യാക്രമണം നടത്തുകയാണ് ചെയ്യാറുള്ളത്. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. അവരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യം, യോജിപ്പ്, സമാധാനം ഇവയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വികസനത്തിലേക്കു നീങ്ങുന്നതിനും ആവശ്യമായവയെന്നും മോദി കശ്മീര്‍ ജനതയോട് ആഹ്വാനം ചെയ്തു.

കശ്മീര്‍ ജനതയെ സംരക്ഷിക്കുകയെന്നത് അവിടുത്തെ ഭരണകൂടത്തിന്റെ കടമയാണെന്നും മോദി പറഞ്ഞു.

മന്‍കി ബാത്തിലൂടെ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയവരെ പ്രധാനമന്ത്രി ഒരിക്കല്‍ കൂടി അഭിനന്ദിച്ചു. രാജ്യത്തെ പ്രാദേശിക മേഖലകളില്‍ ഇതുവരെ 2.48 കോടി ശുചിമുറികള്‍ നിര്‍മ്മിച്ചുകഴിഞ്ഞു.

അടുത്ത വര്‍ഷം 1.5 കോടി ശുചിമുറികള്‍ കൂടി നിര്‍മ്മിക്കും. സ്വച്ഛ ഭാരതിന്റെ വളര്‍ച്ച അറിയുന്നതിനായി 1969 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.

ഒക്ടോബര്‍ രണ്ടിന് രാജ്യമൊട്ടാകെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം.

രണ്ടോ നാലോ മണിക്കൂറുകള്‍ അതിനായി നീക്കിവയ്ക്കണം. സബ്‌സിഡി തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു ചെയതത് ഒട്ടേറെപ്പേരാണ്. അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

Top