ഇന്ത്യയിലുണ്ടായ എല്ലാ മുന്നേറ്റങ്ങള്‍ക്കും മുന്‍നിരയിലുണ്ടായ പാര്‍ട്ടിയാണ് ബിജെപി; പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലുണ്ടായ എല്ലാ മുന്നേറ്റങ്ങള്‍ക്കും മുന്‍നിരയിലുണ്ടായ പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്റെ ഭക്തിക്കായി സ്വയം സമര്‍പ്പിച്ച പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മോദി.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ തുടങ്ങിയ നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ബിജെപി യാത്ര തുടങ്ങിയത്. നിരവധി പ്രവര്‍ത്തകര്‍ ജീവന്‍ സമര്‍പ്പിച്ച് വളര്‍ത്തിയെടുത്ത പാര്‍ട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. സ്വന്തം കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രങ്ങളും പ്രവര്‍ത്തനരീതികളുമുള്ള മറ്റ് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. ഇത്തരം പാര്‍ട്ടികളുള്ളതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ഇത്രയും സൗന്ദര്യമെന്നും മോദി ചൂണ്ടിക്കാട്ടി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലുള്ള പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തത്. മന്ദിരത്തിന്റെ ശിലാസ്ഥാപനം 2016 ഓഗസ്റ്റ് 18നു നരേന്ദ്ര മോദിയാണു നിര്‍വഹിച്ചത്.

Top