മാറ്റിവെച്ച ഇന്ത്യ-യുഎസ് ‘2+2 സംഭാഷണം’; സെപ്തംബര്‍ ആറിന് നടക്കുമെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: ഇന്ത്യയുടെയും യുഎസിന്റേയും പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ‘2+2 സംഭാഷണം’ സെപ്തംബര്‍ ആറിന് നടക്കുമെന്ന് സ്ഥിരീകരണം. ഡല്‍ഹിയില്‍ വെച്ചായിരിക്കും ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തുക.

ഇതുസംബന്ധിച്ച സ്ഥിരീകരണം അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ രണ്ട് തവണ മാറ്റിവയ്ക്കപ്പെട്ട സംഭാഷണയോഗം കഴിഞ്ഞ ജൂലായ് ആറിന് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം അമേരിക്ക പിന്മാറുകയായിരുന്നു.

ഇന്തോ-പസഫിക് മേഖലയിലെയും പ്രതിരോധ സുരക്ഷാ മേഖലയിലെയും വിവിധകാര്യങ്ങള്‍ നാല് മന്ത്രിമാര്‍ തമ്മിലുള്ള സാഭാഷണത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും മുമ്പ് രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല.

Top