മാധ്യമ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ട്, ദുരുപയോഗം ചെയ്യുന്നത് കുറ്റകരം ; പ്രധാനമന്ത്രി

narendra-modi

ചെന്നൈ: മാധ്യമ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നും, ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

മാധ്യമങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ വാർത്തകളെഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും, മാധ്യമങ്ങൾ വിശ്വാസ്യത കാത്തുസൂക്ഷിയ്ക്കാൻ ശ്രമിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി.

പ്രമുഖ തമിഴ് ദിനപത്രമായ ദിനതന്തിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെയും അജിത് ദോവലിന്‍റെയും മക്കൾക്ക് സർക്കാർ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾ ഓൺലൈൻ മാധ്യമമായ ‘ദ് വയർ’ പുറത്ത് വിട്ടിരുന്നു.

ഈ വാർത്തകൾ സമൂഹത്തിൽ പ്രചരിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരുന്നു.

എന്നാല്‍, വാർത്തയെ സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

125 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങൾ സംസാരിക്കണമെന്നും മോദി വ്യക്തമാക്കി.

ചെന്നൈയിലെത്തിയ പ്രധാനമന്ത്രി ഡി.എം.കെ പ്രസിഡന്റ് കരുണാനിധിയെ സന്ദര്‍ശിക്കും.

പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടി.വി.സോമനാഥന്റെ മകളുടെ വിവാഹത്തിലും മോദി പങ്കെടുക്കുന്നുണ്ട്.

ബിജെപി ദേശീയ ജനല്‍ സെക്രട്ടറി പി. മുരളീധര റാവുവാണ് ഡി.എം.കെ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചത്.

ഗോപാലപുരത്തുള്ള കരുണാനിധിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തുന്നത്.

ചെന്നൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുമായും ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വമായും ചര്‍ച്ച നടത്തും.

Top