narendra Modi addresses Lok Sabha

ന്യൂഡല്‍ഹി: അഴിമതികളിലൂടെയാണ് ചിലര്‍ രാജ്യത്തെ സേവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നയപ്രഖ്യാപന ചര്‍ച്ചയ്ക്ക് വീര്യം പകരുന്ന ഒട്ടേറെ ചോദ്യങ്ങള്‍ എംപിമാര്‍ ഉന്നയിച്ചു. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു.

സമൂഹത്തില്‍ ജനങ്ങളുടെ ശക്തിക്ക് വളരെ വലുതാണ്. ആ ജനശക്തി മൂലമാണ് ദരിദ്രകുടുംബത്തില്‍ ജനിച്ചയൊരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്.

താന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. എന്നെപ്പോലെ സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കാന്‍ സാധിക്കാത്ത ഒട്ടേറെപ്പേരുണ്ട്. എന്നാല്‍, അവര്‍ ഇന്ത്യയ്ക്കുവേണ്ടി ജീവിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യുന്നു. ഇടയ്‌ക്കെവിടെയോ നമുക്ക് ജനശക്തി നഷ്ടപ്പെട്ടു. എന്നാല്‍, അത് അംഗീകരിക്കാന്‍ നമ്മള്‍ മറന്നുപോയി.

അഴിമതിക്കെതിരായ തന്റെ പോരാട്ടം അവസാനിക്കില്ല. വന്‍ ശക്തികള്‍ക്കെതിരേ നീങ്ങുമ്പോള്‍ ജീവന് ഭീഷണിയുണ്ടാകും. തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാലും പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബം അല്ല. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചിട്ട് പോലുമില്ല. ഇതു അവര്‍ അംഗീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിലെ ജനാധിപത്യം ഒരു കുടുംബത്തില്‍ മാത്രമായി ഒതുങ്ങിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മോദി പരിഹസിച്ചു.

ഡല്‍ഹിയില്‍ ഇന്നലെ ഭൂകമ്പം ഉണ്ടായെന്നും രാഹുലിനെ പരിഹസിച്ച് മോദി പറഞ്ഞു. മോദിക്കെതിരെയുള്ള തെളിവ് താന്‍ പുറത്ത് വിട്ടാല്‍ ഭുകമ്പം ഉണ്ടാകുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതിനെ പരാമര്‍ശിച്ചാണ് മോദിയുടെ പരിഹാസം.

നോട്ട് ആസാധുവാക്കലിനു ശേഷം ആദ്യമായാണ് മോദി ലോക്‌സഭയില്‍ സംസാരിക്കുന്നത്.

Top