najib razak to issue call to protect rohingya

ക്വാലാലംപൂര്‍: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്.

റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും നജീബ് റസാഖ് അഭ്യര്‍ഥിച്ചു.കൂടാതെ റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കണമെന്നും മാനുഷികമായ ഈ ദുരന്തത്തിനെതിരെ ലോകത്തെ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും നജീബ് റസാഖ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറിന് ശേഷം മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യകളെ ബുദ്ധിസ്റ്റുകള്‍ വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നത്. ബുദ്ധിസ്റ്റുകളുടെ ഈ സമീപനത്തെയും മലേഷ്യന്‍ പ്രധാനമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

അതേസമയം സംഘര്‍ഷം രൂക്ഷമായി ബംഗ്ലാദേശ് അതിര്‍ത്തിയിലെ രാഖെയിന്‍ പ്രവിശ്യയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിലവിലെ കണക്കുകള്‍ പ്രകാരം 86 റോഹിങ്ക്യന്‍ വംശജരാണ് മ്യാന്‍മറില്‍ ഇതുവരെ കൊല്ലപ്പെട്ടത്. മ്യാന്‍മര്‍ സര്‍ക്കാരാണ് റോഹിങ്ക്യകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും റോഹിങ്ക്യന്‍ അഭയാര്‍ഥികളും പറയുന്നത്. മ്യാന്‍മറിലെ പൊലീസ് സേനയുടെ നേതൃത്വത്തില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതായും വീടുകള്‍ കത്തിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്നും കെട്ടിച്ചമച്ചതാണെന്നും മ്യാന്‍മര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. മുസ്ലിംകള്‍ നേരിടുന്നത് മാനുഷീകമായ പ്രശ്‌നമാണ്. ക്വാലാലംപൂരില്‍ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തില്‍ സംസാരിക്കവെ ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയാണ് ഈ അഭിപ്രായം ഉന്നയിച്ചത്. സമാധാനപരമായ പരിശ്രമങ്ങളിലൂടെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി നിര്‍ദേശിച്ചു.

Top