രോഹിങ്ക്യന്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം;അന്വേഷണത്തിനൊരുങ്ങി കോടതി

മ്യാന്‍മാര്‍: രോഹിങ്ക്യന്‍ സ്ത്രീകള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ കൂട്ടബലാത്സംഗങ്ങളിലും അക്രമങ്ങളിലും അന്വേഷണത്തിനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. സ്ത്രീകളെ അതി ഭീകരമായി കൈകാര്യം ചെയ്യുന്നതിന്റെ തെളിവുകള്‍ ഐ സി സിക്ക് ലഭിച്ച സാഹചര്യത്തില്‍ കോടതി മ്യാന്‍മര്‍ സര്‍ക്കാരിന്റെ പ്രതികരണം തേടി.

മരത്തില്‍ കെട്ടിയിട്ട് സൈന്യവും മറ്റ് പുരുഷന്‍മാരും റോഹിങ്ക്യന്‍ യുവതിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്യുകയും ശേഷം കുഴിക്കുള്ളിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുന്നതുമായ അതിക്രൂരമായ അതിക്രമത്തിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ലഭിച്ചിരിക്കുന്നത്.

rohingya4

ബംഗ്ലാദേശിലെ വിവിധ സംഘടനകളുടെ സഖ്യമാണ് ഈ തെളിവുകള്‍ ഐസിസി അഭിഭാഷകര്‍ക്ക് അയച്ചുകൊടുത്തത്. രോഹിങ്ക്യകളെ നിര്‍ബന്ധിത നാടുകടത്തലിന് വിധേയമാക്കിയത് അന്വേഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര കോടതിയിലെ ജഡ്ജിമാര്‍ ഈ ആഴ്ചതന്നെ തെളിവുകള്‍ പരിശോധിക്കുകയും അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇത്തരത്തിലുള്ള ഒരു കേസ് ആദ്യമായാണ് ഐസിസി പരിഗണിക്കുന്നതെന്ന് അഭിഭാഷകനായ ഫാറ്റോ ബെന്‍സുഡ പറഞ്ഞു. അംഗരാജ്യമായ ബംഗ്ലാദേശില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ മ്യാന്‍മറിന്റെ കാര്യത്തില്‍ ഇത് നടക്കില്ല.

rohingya7

രാഖൈനില്‍ വംശീയ ഉന്മൂലനം നടന്നെന്ന ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയാണ് മ്യാന്‍മര്‍. നിലവിലെ തെളിവുകളുടെ പശ്ചാത്തലത്തില്‍ മ്യാന്‍മറിന് ജൂലൈ 27 വരെ പ്രതികരിക്കാം. അല്ലാത്ത പക്ഷം രോഹിങ്ക്യന്‍ വിഷയത്തില്‍ കേസെടുക്കുന്നതിന് ഒന്നും തടസമാകില്ലെന്ന് അന്താരാഷ്ട്ര കോടതിയിലെ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തിന് പുറത്തുനിന്ന് ഇത്തരത്തില്‍ വിദ്വേഷകരമായ കാര്യങ്ങള്‍ വരുന്നത് രാഖൈനിലെ രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കും ബുദ്ധിസ്റ്റുകള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആങ് സാങ് സ്യൂചി അഭിപ്രായപ്പെട്ടു.

2017 ആഗസ്തിന് ശേഷം ഏഴ് ലക്ഷത്തോളം രോഹിങ്ക്യകളാണ് മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തത്. സൈന്യത്തിന്റെ ക്രൂരതകളെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. വംശീയ ഉന്മൂലനമാണ് നടന്നതെന്ന് യുഎന്‍ അഭിപ്രായപ്പെട്ടിരുന്നു.

Top