അർജന്റീന തളർന്നു പോയെന്ന് കരുതരുത്, ബ്രസീൽ ആരാധകനായ എം.വി ജയരാജൻ . .

Argentina

ട്ട ബ്രസീല്‍ ആരാധകനാണ് മുഖ്യമന്ത്രി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ എം.വി.ജയരാജന്‍.

എന്നാല്‍ ലോകം കണ്ട ഏറ്റവും ശക്തനായ വിപ്ലവകാരി ചെഗുവേരയുടെ നാടായ അര്‍ജന്റീന കുഞ്ഞന്‍ രാജ്യത്തിന് മുന്നില്‍ സമനിലക്ക് വഴങ്ങിയത് വിമര്‍ശനത്തിന് ഇടയാക്കിയതോടെ പ്രതികരണവുമായി അദ്ദേഹം രംഗത്തിറങ്ങിയിരിക്കുകയാണ്.

ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം അര്‍ജന്റീന തളര്‍ന്നിരിക്കുന്നു എന്നൊന്നും ആരും കരുതരുതെന്നും 2014ലെ ലോകകപ്പിലും തുടക്കത്തില്‍ മങ്ങിയ അര്‍ജന്റീന എല്ലാവരുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചാണ് ഫൈനലില്‍ എത്തിയതെന്നും ജയരാജന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

ഇന്നലെ യാത്രയിലായതിനാല്‍ ലോകകപ്പിലെ കളികള്‍ പൂര്‍ണ്ണമായും കാണാന്‍ കഴിഞ്ഞില്ല. അര്‍ജന്റീന ഐസ്‌ലാന്റ് മത്സരം അരമണിക്കൂറോളം മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഫ്രാന്‍സ് ആസ്‌ത്രേലിയ മത്സരം ഓഫീസിലായതിനാലും ഡെന്മാര്‍ക്ക് പെറു, ക്രൊയേഷ്യനൈജീരിയ മത്സരങ്ങള്‍ ട്രെയിനിലായതിനാലും തത്സമയം കാണാന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ വീട്ടിലെത്തിയപ്പോള്‍ എല്ലാ കളികളുടേയും ഹൈലൈറ്റ്‌സ് കാണാന്‍ സാധിച്ചു. വെള്ളിയാഴ്ച രാത്രിയത്തെ സ്‌പെയിന്‍ പോര്‍ച്ചുഗല്‍ മത്സരവും ഇഞ7 ഉം തന്നെയാണ് ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.

അര്‍ജന്റീന ഐസ്‌ലാന്റ് മത്സരം യഥാര്‍ത്ഥത്തില്‍ സമനില (1:1) ആയിരുന്നെങ്കിലും, ആ മത്സരത്തില്‍ അര്‍ജന്റീന വലിയ പരാജയം ഏറ്റുവാങ്ങിയെന്ന് പറയുന്നതാവും ഉചിതം. ആദ്യമായി ലോകകപ്പ് കളിച്ച ഐസ്‌ലാന്റിനെ സംബന്ധിച്ചിടത്തോളം വമ്പന്‍ ടീമിനെതിരെ നേടിയ സമനില, തിളക്കമുള്ള വിജയം തന്നെയാണ്. 19ാം മിനുട്ടില്‍ സെര്‍ജിയോ അഗ്വെറോ നേടിയ സുന്ദര ഗോളിലൂടെ അര്‍ജന്റീന മുന്നിലെത്തി. നാലുമിനുട്ടിനുള്ളില്‍ തന്നെ അര്‍ജന്റീനയുടെ ഒരു പിഴവില്‍ നിന്നും ഐസ്‌ലാന്റ് താരം ഫിന്‍ബോഗ്‌സണ്‍ ലോകകപ്പിലെ ഐസ്‌ലാന്റിന്റെ ആദ്യഗോള്‍ നേടി സമനിലയിലെത്തിച്ചു.

സമനില ഗോള്‍ നേടിയതോടെ ഐസ്‌ലാന്റ് ലോകത്തിന് കാണിച്ചുകൊടുത്തത് മുന്നേറ്റവും ഗോളടിക്കുന്നതും മാത്രമല്ല, കനത്ത പ്രതിരോധവും ഫുട്‌ബോളിലെ വിജയമാണെന്നാണ്. ഗോളിക്കൊപ്പം 10 പേരും ചേര്‍ന്ന് മെസ്സിയേയും കൂട്ടരേയും അക്ഷരാര്‍ത്ഥത്തില്‍ തന്നെ പൂട്ടി. 185 സെ.മീ ആണ് ഐസ്‌ലാന്റ് കളിക്കാരുടെ ശരാശരി ഉയരം. അര്‍ജന്റീനയുടേതാവട്ടെ 174 ഉം. പ്രതിരോധത്തിന്റെ നെടുങ്കോട്ട തീര്‍ക്കാന്‍ ഈ ഉയരക്കൂടുതലും ഐസ്‌ലാന്റ് താരങ്ങള്‍ക്ക് തുണയായി. എങ്കിലും പെനാല്‍ട്ടി ഉള്‍പ്പടെ കിട്ടിയ അവസരം പാഴാക്കിയതിന് നീലപ്പട വലിയ വിലകൊടുക്കേണ്ടിവന്നു. ആദ്യമത്സരത്തില്‍ തോല്‍വിയോളം പോന്ന സമനില. ഗോളിയുടെ മിന്നുന്ന പ്രകടനവും ഐസ്‌ലാന്റിനെ ലോകത്തിന് മുന്നില്‍ പരാജയപ്പെടാതെ നിര്‍ത്താന്‍ വലിയ പങ്കുവഹിച്ചു.

ഇതോടെ അര്‍ജന്റീന ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം തളര്‍ന്നുപോയിരിക്കുന്നു എന്നൊന്നും കരുതാന്‍ കഴിയില്ല. കാരണം 2014 ലെ ലോകകപ്പിലും തുടക്കത്തില്‍ മങ്ങിയ അര്‍ജന്റീനയേയാണ് ലോകം കണ്ടത്. എന്നാല്‍ പിന്നീട് ആ ലോകകപ്പില്‍ സാധ്യത കല്പിക്കപ്പെട്ട ടീമുകളെയെല്ലാം തകര്‍ത്ത് മെസ്സിയും കൂട്ടരും ഫൈനല്‍ വരെയെത്തിയത് മറന്നുപോയ്ക്കൂടാത്തതാണ്. അപ്പോഴും ഒരുകാര്യമുണ്ട് മെസ്സിയെ പൂട്ടിയാല്‍ മത്സരം എതിരാളിയുടെ കയ്യിലെത്തിയെന്ന മുന്‍സ്ഥിതി മാറ്റാന്‍ ഈ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളിലെങ്കിലും അര്‍ജന്റീനയ്ക്ക് കഴിയേണ്ടതുണ്ട്. അല്ലെങ്കില്‍ ഐസ്‌ലാന്റ് തീര്‍ത്ത പ്രതിരോധ പാഠം മറ്റുള്ളവരും ഏറ്റെടുത്താന്‍ അടുത്ത റൗണ്ട് എന്നത് മെസ്സിക്കും കൂട്ടര്‍ക്കും പ്രതിസന്ധിയാവും.

ആദ്യ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ആസ്‌ത്രേലിയ വിറപ്പിച്ചതാണ് കാണാന്‍ കഴിഞ്ഞത്. പോഗ്ബയുടെ ഗോളില്‍ ഫ്രാന്‍സ് മുഖം രക്ഷിച്ചു എന്നുപറയാം. വീഡിയോ സംവിധാനം ഉപയോഗപ്പെടുത്തിയുള്ള ലോകകപ്പിലെ ആദ്യതീരുമാനം അനുകൂലമായതും ഗ്രീന്‍സ്മാനും ടീമിനും ഗുണമായി. ശക്തമായ മറ്റൊരു മത്സരം പുലര്‍ച്ചെ നടന്ന ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ളതായിരുന്നു. ക്രൊയേഷ്യ എതിരില്ലാത്ത രണ്ടുഗോളിന് നൈജീരിയയെ തകര്‍ത്തു. ഡെന്മാര്‍ക്ക് പെറു മത്സരമായിരുന്നു ഇന്നലെ നടന്ന മറ്റൊരു മത്സരം. ഡെന്മാര്‍ക്ക് 1:0 ന് വിജയിച്ചു. കിട്ടിയ പെനാല്‍ട്ടി ഗോളാക്കാന്‍ കഴിയാത്ത പെറു, അര്‍ഹതപ്പെട്ട സമനിലയാണ് നഷ്ടമാക്കിയത്. ഫലത്തില്‍ മുന്‍ ലോകചാമ്പ്യന്മാര്‍ വിറയ്ക്കുന്നതാണ് റഷ്യന്‍ ലോകകപ്പിന്റെ നാലാം നാള്‍ കാണിച്ചുതന്നത്. ടീമുകള്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ ദിനം കൂടിയായിരുന്നു ശനിയാഴ്ച.

Top