ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി വന്‍ അപകടം; മരണം 23 ആയി, 40 ഓളം പേര്‍ക്ക് പരിക്കേറ്റു

ലക്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി വന്‍ അപകടം.

23 പേര്‍ മരിച്ചതായും 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.

ദേശീയ ദുരന്തനിവാരണ സേന ഖതൗലി സ്റ്റേഷനിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

പാളം തെറ്റിയ ബോഗികള്‍ ഒന്നുമുകളില്‍ മറ്റൊന്ന് കയറികിടക്കുന്ന അവസ്ഥയിലാണ് ഉള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം പരിക്കേറ്റവര്‍ക്കുള്ള ചികിത്സ നല്‍കാനുളഅള സൗകര്യങ്ങള്‍ ഖതൗലിയിലില്ല, പ്രാഥമികാ ചികിത്സാ കേന്ദ്രങ്ങള്‍ മാത്രമെ ഇവിടെയുള്ളു. അപകടം അട്ടിമറിയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു സ്ഥിതിഗതികള്‍ വിലയിരുത്തി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉന്നത റെയില്‍വേ അധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഇവരുടെ മേല്‍നോട്ടത്തിലാകും ബാക്കി അന്വേഷണങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും മറ്റും നടക്കുക. ഒരുവര്‍ഷത്തിനിടെ അഞ്ച് തീവണ്ടി അപകടങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ അപകടവും അട്ടിമറിയാണൊ എന്ന് സംശയിക്കുന്നത്.

Top