വെള്ളാപ്പള്ളിയെ ‘ മീശ വയ്പിക്കണമെന്ന്’ ഉറച്ച് മലപ്പുറത്തെ സംഘപരിവാർ പ്രവർത്തകർ . . !

IMG-20170320-WA0021

മലപ്പുറം: എൻ ഡി എ മുന്നണിയിൽ എത്തിയതു മുതൽ ബി ജെ പിക്ക് തലവേദന മാത്രം സൃഷ്ടിച്ച അവസരവാദ രാഷ്ട്രീയത്തെ പടിയടച്ച് ഓടിക്കാൻ മലപ്പുറത്തെ അങ്കത്തട്ട് ആയുധമാക്കി ബി ജെ പി – ആർ എസ് എസ് പ്രവർത്തകർ.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണയില്ലന്ന് പറഞ്ഞതിലല്ല, വൻ തോൽവി ഉണ്ടാവുമെന്നും ഫലം മറിച്ചായാൽ താൻ വീണ്ടും മീശ വയ്ക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചതിലാണ് പ്രവർത്തകരുടെയും നേതാക്കളുടെയും രോക്ഷം മുഴുവൻ.

ബി ഡി ജെ എസ് അണികളെ ബി ജെ പി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നതായും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

സ്ഥാനമാനങ്ങൾ നോട്ടമിട്ട് മുന്നണിയിൽ വന്ന വെള്ളാപ്പള്ളിക്കും സംഘത്തിനും അത് ലഭിക്കാത്തതിലുള്ള രോക്ഷ പ്രകടനമാണ് ആരോപണങ്ങളെന്നാണ് ബി ജെ പി നിലപാട്.

പരസ്യമായ അഭിപ്രായ പ്രകടനത്തിന് ഇപ്പോൾ തൽക്കാലം തയ്യാറല്ലങ്കിലും ഈ പോക്കു പോകുകയാണെങ്കിൽ മുന്നണിയിൽ നിന്നും പോകുന്നതിനു മുൻപ് തന്നെ ബി ഡി ജെ എസ് പുറത്താക്കപ്പെടാനാണ് സാധ്യത.

അച്ഛൻ വിമർശിക്കുകയും മകൻ എതിർക്കുകയും ചെയ്യുന്ന പതിവ് ‘ കലാപരിപാടി’ ഇനിയും വകവെച്ചു കൊടുക്കാൻ കഴിയില്ലന്ന വികാരമാണ് സംഘപരിവാർ അണികൾക്കിടയിൽ രൂപപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ വൻ നേട്ടം കൊയ്തപ്പോൾ വിജയപ്രതീക്ഷയിൽ അഹങ്കരിച്ചിരുന്ന കുട്ടനാട് ഉൾപ്പെടെ ബി ഡി ജെ എസ് മത്സരിച്ച മണ്ഡലങ്ങളിൽ ദയനീയ പരാജയം നേരിട്ടത് വെള്ളാപ്പള്ളി മറക്കരുതെന്നാണ് ബി ജെ പി പ്രവർത്തകർ ചൂണ്ടി കാട്ടുന്നത്.

ഒ.രാജഗോപാലിനെ വിജയിപ്പിക്കാനും മിക്ക മണ്ഡലങ്ങളിലും വൻ മുന്നേറ്റമുണ്ടാക്കാനും ബി ജെ പി ഒറ്റക്ക് നിന്നാൽ പോലും സാധിക്കുമായിരുന്നുവെന്നാണ് അവരുടെ അവകാശവാദം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസുമായി സഖ്യമില്ലാതിരുന്നിട്ടും നേടിയ മുന്നേറ്റം ചൂണ്ടി കാട്ടിയും മോദി പ്രഭാവം മുൻനിർത്തിയുമാണ് ഈ കണക്ക് നിരത്തൽ.

വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ ഫലത്തിലൂടെ ചുട്ട മറുപടി നൽകാൻ തയ്യാറെടുക്കുകയാണ് ബി ജെ പി പ്രവർത്തകർ.

കഴിഞ്ഞ തവണ 64,705 വോട്ട് മണ്ഡലത്തിൽ സമാഹരിച്ച എൻ.ശ്രീപ്രകാശ് തന്നെയാണ് ഇത്തവണയും ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വോട്ട് കുത്തനെ വർദ്ധിപ്പിച്ച് കരുത്തുകാട്ടാൻ വെള്ളാപ്പള്ളിയുടെ വെല്ലുവിളിയാണ് ബി ജെ പി പ്രവർത്തകർക്ക് ഇപ്പോൾ ‘പ്രചോദനമായിരിക്കുന്നത് ‘

വൻ പരാജയമാണ് കാത്തിരിക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രവചനം പാളുകയും ബി ജെ പി വോട്ടിങ്ങ് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്താൽ വെള്ളാപ്പള്ളി മീശ വയ്ക്കേണ്ടി വരും. അല്ലങ്കിൽ സോഷ്യൽ മീഡിയ തന്നെ അത് ‘വയ്പിക്കാനാണ് ‘ സാധ്യത. സാധാരണ മിശ വടിക്കുമെന്നാണ് ആളുകൾ ബറ്റ് വയ്ക്കാറുള്ളതെങ്കിൽ ഇവിടെ മീശ ഇല്ലാത്തതിനാലാണ് മീശ വയ്ക്കുമെന്ന ബറ്റ് വെള്ളാപ്പള്ളി നടത്തിയത്.

മീശ വയ്പിക്കുന്ന സാഹചര്യമുണ്ടാക്കി വെള്ളാപ്പള്ളിയെ നാണം കെടുത്താൻ തന്നെയാണ് ബി ജെ പി-ആർഎസ്എസ് പ്രവർത്തകരുടെ പദ്ധതി. ബൂത്ത്തലം മുതൽ കേഡർ സംവിധാനമുപയോഗിച്ച് വലിയ പ്രചാരണം നടത്തി പരമാവധി വോട്ട് സമാഹരിക്കാനാണ് തീരുമാനം.

യുപിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം ബിജെപിക്ക് വോട്ട് ചെയ്തതും ബിജെപിക്കാരനല്ലാതെ വേറെ ആര് ഡൽഹിക്ക് പോയാലും കാര്യമില്ലന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രചരണം.

സി പി എമ്മിന് എതിരെ കൊലപാതക രാഷ്ട്രീയവും സർക്കാറിനെതിരെ സ്ത്രീ പീഢനവുമാണ് മുഖ്യ പ്രചരണായുധം.Related posts

Back to top