must disclose all truth about honey trap

സംസ്ഥാനത്തെ ഐ.എ.എസ് പ്രമുഖരടക്കമുള്ളവരെ ഒളിക്യാമറയില്‍ കുടുക്കിയും ഹണി ട്രാപ്പില്‍ വീഴ്ത്തിയും കോടികള്‍ തട്ടിയെടുത്തത് സംബന്ധമായി പുറത്ത് വന്ന വിവരങ്ങളില്‍ ഒരു വര്‍ഷം മുന്‍പ് തന്നെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നുവെങ്കില്‍ ഇന്ന് വീണ്ടും നാറിയ കഥകള്‍ കേരളം കേള്‍ക്കേണ്ട സാഹചര്യമുണ്ടാവില്ലായിരുന്നു.

തെറ്റ് ചെയ്തവരും അതിന് നിര്‍ദ്ദേശം നല്‍കിയവരും കൂട്ട് നിന്നവരുമെല്ലാം ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇതു സംബന്ധമായ പ്രസ്തുത വാര്‍ത്തകള്‍ 2016 ജനുവരി 7നും തുടര്‍ന്ന് ഫോളോ അപ്പ് ആയി ജനുവരി 25 നും Express kerala യാണ് ആദ്യം പുറത്ത് വിട്ടിരുന്നത്.

പ്രസ്തുത വിവരങ്ങള്‍ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചതായതിനാല്‍ ഇപ്പോഴും, കൊടുത്ത വാര്‍ത്തകളില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുകയാണ്(എഡിറ്റോറിയലിനൊപ്പം മുന്‍പ് പുറത്ത് വിട്ട വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നു).

പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം ബ്ലാക്ക് മെയിലിംങ്ങ് ചെയ്തവരെ പോലെ തന്നെ അതിന് വിധേയരായവരും ഒരുപോലെ കുറ്റക്കാരാണ്.

‘മാലാഖ’ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ ‘കോഴി’കളാകുന്ന ഉദ്യോഗസ്ഥര്‍ സിവില്‍ സര്‍വീസിന് തന്നെ അപമാനകരമാണ്. ഞങ്ങള്‍ പുറത്ത് വിട്ട വാര്‍ത്തയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് സംഘം ഒരു വര്‍ഷത്തിന് ശേഷമെങ്കിലും ഓഫീസിലെത്തിയത് നന്നായി. അത് ആരുടെ പരാതിയില്‍മേലുള്ള തെളിവെടുപ്പാണെങ്കില്‍ പോലും സഹകരിക്കാന്‍ തയ്യാറുമാണ്.

എന്നാല്‍ വന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ ‘തലയില്‍ മുടിയില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രേരണയില്‍ ചില നമ്പറുകള്‍ ഇറക്കാനാണ് ശ്രമിച്ചത്. നട്ടെല്ലുള്ള ഐപിഎസുകാര്‍ ഇടപെട്ടതിനാല്‍ ഹിഡന്‍ അജണ്ട നടപ്പായില്ലന്ന് മാത്രം. കരുക്കളാകേണ്ടി വന്ന ഉദ്യോഗസ്ഥരോട് സഹതാപമുണ്ട്. നിങ്ങളുടെ വിരട്ടലൊന്നും ഇവിടെ നടക്കില്ല.

അന്വേഷണത്തിന്റെ ഭാഗമാണെങ്കില്‍പോലും കൃത്യനിര്‍വ്വഹണത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കണമായിരുന്നു. ആരുടെ ക്വട്ടേഷനും ഏറ്റെടുത്ത് എവിടെയും കയറി ചെല്ലാമെന്നുള്ള ധാര്‍ഷ്ട്യം നല്ലതല്ല. ഇനിയും ഇത്തരം വാര്‍ത്തകള്‍ ലഭിച്ചാല്‍ പുറത്തുവിടാന്‍ ഒരു മടിയുമില്ല എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു.

ഇനി ഞങ്ങള്‍ക്ക് പറയാനുള്ളത് പൊതുസമൂഹത്തോടാണ് Express kerala നാളിതുവരെ പുറത്ത് വിട്ട വാര്‍ത്തകള്‍ ശരിയായിരുന്നുവോ അല്ലയോ എന്ന് ഏത് വായനക്കാരനും ഏത് പൊലീസുകാരനും വെബ്‌സൈറ്റിലെ ബാക്ക് ഫയല്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ആരുടെയെങ്കിലും ഭീഷണി കൊണ്ടോ സമ്മര്‍ദ്ദം കൊണ്ടോ നോട്ട് ബലം കൊണ്ടോ ഞങ്ങളെ വരുതിയിലാക്കാന്‍ കഴിയില്ല. സത്യം എത്ര ഉന്നതന് എതിരെയായാലും വിളിച്ച് പറയുക തന്നെ ചെയ്യും.

‘മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ’ എന്ന് ഓര്‍ക്കുക. ഒരു വര്‍ഷം മുന്‍പ് നല്‍കിയ വാര്‍ത്തയില്‍ ഇപ്പോള്‍ മാനഹാനി ആരോപിക്കുന്നവര്‍ ഇതുവരെ എവിടെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാതിരിക്കുന്നത് മാധ്യമ ധര്‍മ്മത്തിന്റെ സാമാന്യ മര്യാദകൊണ്ടുമാത്രമാണ്

കുറ്റാന്വേഷണ രംഗത്ത് ഏറ്റവും മികച്ച പൊലീസ് സേനയും രഹസ്യാന്വേഷണ വിഭാഗങ്ങളുമുള്ള കേരളത്തില്‍ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിട്ടും എന്ത് കൊണ്ട് അന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടില്ല എന്നതും പരിശോധിക്കപ്പെടേണ്ട കാര്യമാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കു പുറമെ മറ്റ് ചില ‘വമ്പന്‍മാര്‍’ കൂടി ട്രാപ്പില്‍പ്പെട്ടിരുന്നുവോ എന്ന സംശയം ബലപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.

‘വേട്ടക്കാരനെ വേട്ടയാടിയവരെ’ തേടിപോകുന്നവര്‍ ആദ്യം പരിശോധിക്കേണ്ടത് ഹണി ട്രാപ്പ് നടന്ന ദിവസങ്ങളിലെ ‘മാലാഖ’യുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം ഫോണ്‍, എസ് എം എസ്, വാട്‌സ്ആപ്പ്, ഇ-മെയില്‍ വിശദാംശങ്ങളാണ്. ‘മാലാഖ’ക്കായ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ‘ഏമാന്‍മാര്‍’ നല്‍കിയ വഴിവിട്ട സഹായങ്ങള്‍ എന്തൊക്കെയാണെന്നതും അന്വേഷിക്കണം.

ഇടനിലക്കാരനായ കൊച്ചിയിലെ പി ഡബ്ല്യൂ ഡി കോണ്‍ട്രാക്ടറുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളും പരിശോധിക്കണം. ലഭിച്ച വിവര പ്രകാരം അഞ്ചര കോടിരൂപയുടെ ഒത്തുതീര്‍പ്പാണ് നടന്നിരിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ഒത്തുതീര്‍പ്പിന് ഒഴുക്കാന്‍ ഇത്രയും വലിയ തുക എവിടെ നിന്ന് ലഭിച്ചു എന്നതും ഗൗരവപരമായ കാര്യമാണ്.

പദവി ഉപയോഗിച്ച് കോടികള്‍ സംഘടിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നിരിക്കെ എന്ത് കൊണ്ട് അധികൃതര്‍ നടപടി സ്വീകരിച്ചില്ല? ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് സംഭവകാലയളവിലെ സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ഇന്റലിജന്‍സ് മേധാവി എന്നിവരാണ്. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വേണം യഥാര്‍ത്ഥത്തില്‍ ഇതു സംബന്ധമായ ഏത് കാര്യത്തിന്റേയും അന്വേഷണം തുടരാന്‍.

ഇപ്പോള്‍ ‘കടുവയെ കിടുവ’ പിടിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇപ്പോഴും വ്യക്തമാവാത്തതിനാല്‍ ആ വിഷയത്തിലേക്ക് തല്‍ക്കാലം കടക്കുന്നില്ല.

എന്നാല്‍ കേരള പൊലീസ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ സൈബര്‍ കുറ്റാന്വേഷണ രംഗത്തുള്ള മികവ് മുന്‍ നിര്‍ത്തി യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ യാതൊരു സംശയുവുമില്ല.

തെളിവുകളും സാക്ഷികളും യഥാര്‍ത്ഥ പ്രതികളുമെല്ലാം നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. അതിലേക്ക് എത്താനുള്ള പാത തെറ്റരുതെന്ന അഭിപ്രായമാണ് ഈ ഘട്ടത്തില്‍ ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

എഡിറ്റര്‍
Express kerala

Top