വിവാഹം കഴിയ്ക്കാന്‍ മതം മാറിയ യുവാവ് ഭാര്യയെ വിട്ടുകിട്ടാന്‍ കോടതിയില്‍

ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ മതം മാറിയ മുസ്ലീം യുവാവ് തന്റെ ഭാര്യയെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. യുവതിയെ മാതാപിതാക്കള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും, ഭാര്യയെ വിട്ടുകിട്ടണമെന്നും യുവാവിന്റെ ഹര്‍ജിയില്‍ പറയുന്നു. ഛത്തീസ്ഗഡ് സ്വദേശികളാണ് ഇരുവരും.

കേസില്‍ ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞു. പെണ്‍കുട്ടിയുടെ വീടിരിക്കുന്ന ധംദാരി ജില്ലയിലെ പൊലീസിനോട് ആഗസ്റ്റ് 27ന് പെണ്‍കുട്ടിയെ കോടതിയ്ക്ക് മുന്‍പില്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച്‌ നിര്‍ദ്ദേശിച്ചു.

പരാതിക്കാരനായ മൊഹദ് ഇബ്രാഹിം സിദ്ദിഖ് ഫെബ്രുവരിയിലാണ് ഹിന്ദുമതത്തിലേയ്ക്ക് മാറിയത്. ഹിന്ദുവായ അജ്ഞലി ജെയ്‌നിനെ വിവാഹം കഴിയ്ക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. വിവാഹിതയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ തടഞ്ഞുവച്ചു.

ഛത്തീസ്ഗഡ് ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇബ്രാഹിം സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. ഫെബ്രുവരി 25നാണ് ഇരുവരും വിവാഹിതരായത്. വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ പിന്നീട് സ്ത്രീകളുടെ അഭയ കേന്ദ്രത്തിലേയ്ക്ക് മാതാപിതാക്കള്‍ മാറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു.

Top